കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്നലെയുണ്ടായ സ്ഫോടനപരമ്പരയില്‍ രണ്ട് ഇന്ത്യക്കാരടക്കം 25 പേര്‍ കൊല്ലപ്പെട്ടു. ഡെഹ്റാഡൂണ്‍ സ്വദേശികള്‍ ആയ ഗണേഷ് ഥാപ്പ, ഗോവിന്ദ സിങ് എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാര്‍.വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.  14 പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

തലസ്ഥാനമായ കാബൂളിലെ ജലാലാബാദില്‍ ചാവേര്‍ മിനി ബസിനു നേരെ പൊട്ടിത്തെറിച്ചാണ് 14 നേപ്പാളി സുരക്ഷാ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടത്. ചാവേര്‍ കാല്‍നടയായി വന്നാണ് പൊട്ടിത്തെറിച്ചത്.  ബസില്‍ ഉണ്ടായിരുന്ന കനേഡിയന്‍ എംബസി ജീവനക്കാരും മരിച്ചു.  


ഈ സ്ഫോടനം നടന്ന് മൂന്നു മണിക്കൂറിനുള്ളില്‍ ആയിരുന്നു രണ്ടാമത്തെ സ്ഫോടനം. വടക്കന്‍ പ്രവിശ്യയായ ബദക്ഷാനില്‍ രാഷ്ട്രീയ നേതാവിനെ ലക്ഷ്യമിട്ടാണ്  ആക്രമണം നടത്തിയത്. മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കില്‍ ഘടിപ്പിച്ച റിമോട്ട് നിയന്ത്രിത ബോംബ് പൊട്ടി എട്ടുപേര്‍ മരിക്കുകയും എം.പി അതാഉല്ല ഫൈസാനി അടക്കം ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.


താലിബാനെതിരെ വ്യോമാക്രമണം ശക്തമാക്കുമെന്ന് അമേരിക്ക പ്രസ്താവിച്ചതിന് 10 ദിവസങ്ങള്‍ക്കുള്ളിലാണ് താലിബാന്‍ പുതിയ ആക്രമണങ്ങള്‍ നടത്തിയത്.