ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനൊപ്പം പാകിസ്താനിലെ പാലസ്തീന്‍ പ്രതിനിധി വേദി പങ്കിട്ടതില്‍ കടുത്ത അതൃപ്തി പലസ്തീനെ അറിയിക്കാനൊരുങ്ങി ഇന്ത്യ. റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാകിസ്താന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു റാലിയില്‍ വച്ചാണ് ഹാഫീസ് സയീദിനൊപ്പം പാകിസ്താനിലെ പലസ്തീന്‍ പ്രതിനിധി വലീദ് അബു അലി വേദി പങ്കിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



വിഷയം ഇന്ത്യയിലെ പലസ്തീന്‍ അംബാസിഡറെയും പലസ്തീന്‍ അധികൃതരെയും അറിയിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇരുവരും വേദി പങ്കിടുന്നതിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. നാല്‍പ്പതോളം മത-തീവ്രസ്വഭാവമുള്ള സംഘടനകളുടെയും കൂട്ടായ്മയാണ് ദിഫാ ഇ പാകിസ്താന്‍. ഹാഫീസ് സയീദാണ് ഈ കൂട്ടായ്മയുടെ തലവന്‍. നേരത്തെ ആഗോളഭീകരവാദിയായി ഐക്യരാഷ്ട്ര സംഘടന ഹാഫിസ് സയീദിനെ പ്രഖ്യാപിച്ചിരുന്നു. ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമാക്കിയ യു എസ് തീരുമാനത്തിനെതിരെ പലസ്തീന് അനുകൂലമായാണ് ഇന്ത്യ യു എന്‍ ജി എയില്‍ വോട്ടു ചെയ്തിരുന്നത്.