ഇസ്ലാമാബാദ്: ഭീകരവധികള്‍ക്കെതിരെ നടപടിയെടുക്കുക അല്ലെങ്കില്‍ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടല്‍ നേരിടേണ്ടിവരുമെന്ന്‍ പാക്‌ സൈന്യത്തിന് പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ മുന്നറിയിപ്പ്.  നടന്ന സര്‍വകക്ഷിയോഗത്തിലാണ്  മുന്നറിയപ്പ് നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജെയ്‌ഷെ മുഹമ്മദ്, ലഷ്‌റെ തോയിബ അടക്കമുള്ള ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യാന്തര സമൂഹത്തില്‍ ഒറ്റപ്പെടല്‍ നേരിടേണ്ടിവരുമെന്നാണ് ഷെരീഫ് സൈന്യത്തിനും ചാരസംഘടനയായ ഐ.എസ്.ഐയ്ക്കും മുന്നറിയിപ്പ് നല്‍കിയത്. പ്രമുഖ പാക് ദിനപത്രമായ 'ഡോണ്‍' ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.


തിങ്കളാഴ്ച പ്രധാനമന്ത്രി നവാസ് ഷരീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുതർന്ന മന്ത്രിമാരും ഓരോ പ്രവിശ്യയിൽനിന്നുള്ള പ്രതിനിധികളും സന്നിഹിതരായിരുന്നു. ഐഎസ്ഐ മേധാവി റിസ്വാൻ അക്തറാണു സൈന്യത്തെ പ്രതിനിധീകരിച്ചെത്തിയ സംഘത്തെ നയിച്ചത്.


യോഗത്തിനിടെ നവാസ് ഷെരീഫിന്‍റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷബാസ് ഷെരീഫും ഐ.എസ്.ഐ മേധാവി റിസ്‌വാന്‍ അഖ്തറും തമ്മില്‍ രൂക്ഷമായ വാക്‌പോരും നടന്നു. ഐ.എസ്.ഐയുടെ ജിഹാദി ബന്ധത്തെ ചൊല്ലിയായിരുന്നു ഇത്. പാകിസ്താന്‍റെ അടുത്ത സുഹൃത്തായ ചൈന പോലും തിരുത്തല്‍ ആവശ്യപ്പെടുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി എയ്‌സാസ് ചൗധരി ചൂണ്ടിക്കാട്ടി.


ഇന്ത്യയിലെ പത്താൻകോട്ട് സൈനിക കേന്ദ്രത്തിന് നേരെ നടന്ന ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ശരീഫ് നിർദേശം നൽകണമെന്നതാണ് യോഗത്തിന്‍റെ ഒന്നാമത്തെ തീരുമാനം. ഇതോടൊപ്പം റാവൽപിണ്ടി ഭീകരവിരുദ്ധ കോടതി പരിഗണിക്കുന്ന മുംബൈ ഭീകരാക്രമണം കേസിന്‍റെ വിചാരണ പുനരാരംഭിക്കാൻ നടപടിയും സ്വീകരിക്കണം.


ജെയ്‌ഷെ നേതാവ് മസൂദ് അസര്‍, ലഷ്‌കറെ തോയിബ നേതാവ് ഹാഫീസ് സെയ്ദ്, ഹഖാനി നെറ്റ്‌വര്‍ക്ക് എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു.  സൈന്യത്തിന്‍റെ ഭാഗത്തുനിന്നുള്ള നടപടിക്കായി നവംബര്‍ വരെ കാത്തിരിക്കുമെന്നും അതോടുകൂടി നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയതായും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ സൈന്യം തയ്യാറായിട്ടില്ല.