ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സുരക്ഷാസമിതിയില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നിനെ അമേരിക്ക പിന്തുണച്ചേക്കും.  യുഎന്നില്‍ അമേരിക്ക വിഷയം ഉന്നയിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായാണ് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഇക്കാര്യം അറിയിച്ചത്. ഐക്യരാഷ്ട്ര സഭയിലെ അമേരിക്കയുടെ അംബാസിഡര്‍ നിക്കി ഹാലി ഇക്കാര്യം ഉന്നയിക്കുമെന്ന് വിശ്വസിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.  എന്നാല്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട് അതുകൊണ്ട് ഇക്കാര്യത്തില്‍ അവരുടെ ഓഫീസുമായി ബന്ധപ്പെട്ടശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐക്യരാഷ്ട്രസഭ സുരക്ഷസമതി വിപുലീകരണം സംബന്ധിച്ച് ഇന്ത്യ ഏറെക്കാലമായി നയതന്ത്രതലത്തില്‍ സമ്മര്‍ദം ചെലുത്തി വരികയാണ്. സുരക്ഷ സമിതിയില്‍ സ്ഥിരാംഗങ്ങളുടെയും താല്കാലിക അംഗങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കണമെന്നാണ് ഇന്ത്യ ഉയര്‍ത്തുന്ന ആവശ്യം. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഐക്യരാഷ്ട്ര സഭ സുരക്ഷ സമതിയിലും എന്‍.എസ്.ജി ഉള്‍പ്പെടെയുള്ള രാജ്യാന്തരകൂട്ടായ്മകളിലും അംഗത്വം നല്‍കുന്നതിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  അതുപ്രകാരം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായുള്ള സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ഡോണാള്‍ഡ് ട്രംപ് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.


അമേരിക്കക്ക് പുറമേ റഷ്യ, നെതര്‍ലന്റ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണ അറിയിച്ചിരുന്നു. സുരക്ഷസമിതിയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി അനുകൂലിക്കുന്നതായി മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ആണവ വ്യാപാരത്തെ നിയന്ത്രിക്കുന്ന എന്‍.എസ്.ജിയുടെ 48 അംഗ എലൈറ്റ് ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ അംഗത്വത്തിന് തടസം നിന്നത് ചൈനയായിരുന്നു. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പുവക്കാത്ത ഇന്ത്യയെ എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു.