ടെഹ്‌റാന്‍: US സൈന്യം ബാഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക  ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 35 മരണം. 50ഓളം പേര്‍ക്ക് പരിക്കേറ്റു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഖാസിം സുലൈമാനിയുടെ ജന്മനാടായ കെര്‍മാനിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് സുലൈമാനിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയിലും സംസ്‌കാരചടങ്ങിലും പങ്കെടുക്കാനെത്തിച്ചേര്‍ന്നത്‌.


ഇറാന്‍ ദേശീയ ടെലിവിഷനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക തലവന്മാരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ചയാണ്  ഇറാനിലെ കെര്‍മന്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. എന്നാല്‍, തിങ്കളാഴ്ച ടെഹ്‌റാനിൽ നടന്ന വിലാപയാത്രയില്‍ 10 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.


അതേസമയം, സുലൈമാനിയുടെ കൊലപാതകത്തില്‍ ഇറാനില്‍ പ്രതിഷേധം കടുക്കുകയാണ്. പ്രതിഷേധ സൂചകമായി US സൈന്യത്തിനെതിരെ പാര്‍ലമെന്‍റില്‍ ബില്‍ പാസാക്കിയിരിക്കുകയാണ് ഇറാന്‍. മുഴുവന്‍ US സൈന്യത്തെയും ‘തീവ്രവാദികള്‍’ എന്ന് വിശേഷിപ്പിച്ച് ഇറാന്‍ പാര്‍ലമെന്‍റില്‍ ബില്‍ പാസാക്കിയത്. 


അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കോട്ടിട്ട തീവ്രവാദിയാണെന്നാണ് ഇറാന്‍ വാര്‍ത്താ വിതരണ മന്ത്രിയായ മുഹമ്മദ് ജാവേദ് അസാരി ജറോമിയുടെ ആരോപണം. US സൈ​ന്യ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് ഞാ​യ​റാ​ഴ്ച ഇ​റാ​ക്ക് പാ​ര്‍​ല​മെ​ന്‍റ് പ്രമേയം പാസാക്കിയിരുന്നു. 


ഇറാന്‍ നടത്തുന്ന പ്രകോപനപരമായ നീക്കങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ആശങ്കയോടെയാണ് ഉറ്റു നോക്കുന്നത്.