ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയെ കടത്തിവെട്ടി അയല്‍രാജ്യമായ ബംഗ്ലാദേശ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏഷ്യന്‍ ഡവലപ്‌മെന്‍റ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സാമ്പത്തിക വളര്‍ച്ചയില്‍ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നത്യി സൂചിപ്പിക്കുന്നത്. 


'ഏഷ്യന്‍ ഡവലപ്‌മെന്‍റ് ഔട്ട്‌ലുക്ക് 2019' എന്ന പേരില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലാണ് ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശ് നടത്തിയിരിക്കുന്ന നിശ്ശബ്ദ മുന്നേറ്റത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്. 


റിപ്പോര്‍ട്ട് അനുസരിച്ച് മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍റെ നിരക്ക് (ജിഡിപി) ഇന്ത്യയെക്കാള്‍ ഉയര്‍ന്ന നിലയിലാണ് ബംഗ്ലാദേശിലേത്. 


2016 മുതല്‍ 2018 വരെയുള്ള കാലയളവിലെ വളര്‍ച്ചാനിരക്കുകളാണ് ഏഷ്യന്‍ ഡവലപ്‌മെന്‍റ് ബാങ്ക് പരിശോധനയ്‌ക്കെടുത്തത്. 


അതനുസരിച്ച് ബംഗ്ലാദേശിന്‍റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.1% ല്‍ നിന്ന്‍ മൂന്ന് വര്‍ഷം കൊണ്ട് 7.9 ശതമാനത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. വരുംവര്‍ഷങ്ങളിലും ഇതേ വളര്‍ച്ചാഗതി തുടരാന്‍ രാജ്യത്തിന് സാധിക്കുംമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2016ല്‍ 7.1 ശതമാനമായിരുന്നു ബംഗ്ലാദേശിന്‍റെ വളര്‍ച്ചാനിരക്ക്. 2017ല്‍ ഇത് 7.3 ശതമാനത്തിലേക്കും 2018ല്‍ 7.9 ശതമാനത്തിലേക്കും വളര്‍ന്നു. 2019ലും 2020ലും വളര്‍ച്ചാനിരക്ക് 8 ശതമാനത്തിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 


അതേസമയം, ഇന്ത്യയുടെ ജിഡിപി നിരക്ക് സമീപകാലത്ത് ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലെത്തിയിരുന്നു. രാജ്യത്ത് നിശബ്ദ സാമ്പത്തിക മാന്ദ്യവും തുടരുകയാണ്. 2016ല്‍ 8.2 ശതമാനത്തില്‍ നിന്നിരുന്ന ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 2017ല്‍ കുത്തനെ ഇടിഞ്ഞ് 7.2 ശതമാനത്തിലെത്തി. 2018ല്‍ ഇത് 7.0 ശതമാനത്തിലെത്തി. ഈ നില കുറെക്കാലത്തേക്ക് തുടരുമെന്നാണ് ഏഷ്യന്‍ ഡവലപ്‌മെന്‍റ് ബാങ്ക് പറയുന്നത്. 2019ല്‍ 7.2 ശതമാനമായിരിക്കും ജിഡിപി വളര്‍ച്ചാ നിരക്കെന്നാണ് പ്രവചനം. ഇത് 2020ല്‍ ചെറിയ തോതില്‍ ഉയര്‍ന്ന് 7.3 ശതമാനത്തിലെത്തിയേക്കുമെന്നും സൂചിപ്പിക്കുന്നു.


അതേസമയം, ദക്ഷിണേഷ്യയിലെ ജിഡിപി വളര്‍ച്ചാനിരക്കില്‍ ബംഗ്ലാദേശ് ഒന്നാ൦സ്ഥാനത്തും ഇന്ത്യ രണ്ടാമതുമാണ്. മൂന്നാംസ്ഥാനത്ത് പാക്കിസ്ഥാനും നാലാമത് ശ്രീലങ്കയുമാണ്.