ബെയ്ജിംഗ്: കൊറോണ വൈറസ്  ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം 563 ആയി.


COMMERCIAL BREAK
SCROLL TO CONTINUE READING

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിലൊന്നും ഫലം കാണാതെ ചൈനയില്‍ വൈറസ് ബാധ പടരുകയാണ്. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 28,000 കവിഞ്ഞുവെന്നാണ് കണക്കുകള്‍. 


3,694 പേരിലാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. അതേസമയം ചൈനയ്ക്ക് പുറത്ത് ഫിലിപ്പീന്‍സിലും ഹോങ്കോങ്ങിലും കൊറോണ ബാധിച്ച് ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 


ഇതുവരെ കൊറോണ വൈറസ് ബാധ 25 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിരിട്ടുണ്ട്. അതില്‍ ഇന്ത്യയും ഉള്‍പ്പെടും. വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ ചൈനയില്‍ നിന്നും തിരിച്ചെത്തിച്ചിട്ടുണ്ട്. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേയ്ക്ക് വിടുന്നത്.


ഇതിനിടയില്‍ കൊറോണ വൈറസ് ബാധ തടയുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ചൈന കുറ്റസമ്മതം നടത്തിയിരുന്നു. വൈറസ് വ്യാപനം തടയുന്നതില്‍ വീഴ്ചയുണ്ടായെന്നും രാജ്യത്തെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ചൈന വ്യക്തമാക്കി.


കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‍ ഗതാഗതം, ടൂറിസം, ഹോട്ടലുകള്‍, തിയേറ്ററുകള്‍, വിനോദ സഞ്ചാര മേഖല തുടങ്ങി ബിസിനസിന്‍റെ മിക്ക മേഖലകളും സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. 


കൊറോണ ഭീതി ചൈനയില്‍ തുടരുന്ന സാഹചര്യത്തില്‍ വിവിധ ലോകരാജ്യങ്ങള്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകളടക്കം നിര്‍ത്തിവച്ചിരിക്കുകയാണ്.


ഏറ്റവും ഒടുവിലായി ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചത് സൗദി എയര്‍ലൈന്‍സാണ്.  ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടാകില്ലെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.