Covid വ്യാപനം- ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി യുഎസ്, ചൊവ്വാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ
യാത്രാവിലക്ക് താൽക്കാലിക വിസയിലുള്ള വിദേശപൗരന്മാർക്കാകും ബാധകമാകുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു
വാഷിങ്ടൺ: കൊവിഡ് (Covid) വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി അമേരിക്ക (America). മേയ് നാല് മുതലാണ് വിലക്ക്. ഇന്ത്യയിൽ കൊവിഡ് കേസുകൾ കൂടുന്നതും കൊറോണ വൈറസിന്റെ ഒന്നിലധികം വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയതുമാണ് യാത്രാവിലക്ക് ഏർപ്പെടുത്താൻ കാരണമെന്ന് പ്രസ് സെക്രട്ടറി ജെൻ പ്സാക്കി പറഞ്ഞു. യാത്രാവിലക്ക് താൽക്കാലിക വിസയിലുള്ള വിദേശപൗരന്മാർക്കാകും ബാധകമാകുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
അമേരിക്കൻ പൗരന്മാർക്കും ഗ്രീൻ കാർഡ് ഉള്ളവർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും യാത്രാവിലക്ക് (Travel ban) ബാധകമാകില്ല. താൽക്കാലിക വിസയിലുള്ള വിദേശ പൗരന്മാർ 14 ദിവസത്തിലധികം ഇന്ത്യയിൽ തങ്ങിയാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിച്ചേക്കും. എയർലൈനുകളെ പുതിയ തീരുമാനം അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. യാത്രാവിലക്ക് ബാധകമല്ലാത്തവർക്ക് അമേരിക്കയിൽ പ്രവേശിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും ആരെങ്കിലും രാജ്യത്ത് ഉണ്ടെങ്കിൽ തിരികെ വരണമെന്നും യുഎസ് (US) നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സാഹചര്യത്തിൽ വലിയ ആശങ്കയുണ്ടെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. പൊതുജനാരോഗ്യം കണക്കിലെടുത്താണ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യ അമേരിക്കയുടെ നിർണായക സഖ്യകക്ഷിയാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി നേരിടാൻ അമേരിക്ക ഇന്ത്യക്ക് ഒപ്പമുണ്ടാകുമെന്നും കമല ഹാരിസ് വ്യക്തമാക്കി.
അതേസമയം, ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റുകൾക്ക് ബ്രിട്ടൻ താല്ക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നൂറുകണക്കിന് മലയാളി നഴ്സുമാരുടെ യാത്ര ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇന്ത്യയ്ക്കു പുറമെ ദക്ഷിണാഫ്രിക്ക, ബ്രസീൽ, യുകെ, അയർലൻഡ്, ചൈന, ഇറാൻ തുടങ്ങി കോവിഡ് കൂടുതലായ മറ്റു ചില രാജ്യങ്ങൾക്കും യുഎസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...