കറാച്ചി: വീട്ടു തടങ്കലിൽ നിന്നും മോചനം ലഭിച്ചതിന്‍റെ സന്തോഷം ജമാത്ത് ഉദ് ദവ തലവൻ ഹാഫിസ് സയ്യിദ്ദ് ആഘോഷിച്ചത് കേക്ക് മുറിച്ച്. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ സയ്യിദ്ദ് ജനുവരി മുതൽ വീട്ടുതടങ്കലിലായിരുന്നു. കശ്മീര്‍ജനതയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ പോരാട്ടം തുടരുമെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിതനായശേഷം സയ്യിദ്ദ് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പത്ത് മാസത്തോളമായി താൻ വീട്ടുതടങ്കലിലായിരുന്നു, ആ പത്ത് മാസത്തേക്ക് തനിക്ക് കശ്മീർ ജനതയുടെ സ്വാതന്ത്യ്രത്തിനായി ശബ്ദമുയർത്താൻ സാധിച്ചില്ല. എന്നാൽ ഇനിയുള്ള നാളുകൾ കശ്മീരികൾക്ക് വേണ്ടി താൻ പോരാടും, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങളെ ഒന്നിപ്പിച്ച് കശ്മീരിന്‍റെ മോചനത്തിനായി പരിശ്രമിക്കുമെന്ന് പുറത്ത് കൂടിയ മാധ്യമ പ്രവർത്തകരോടായി സയ്യിദ്ദ് പറഞ്ഞു. ഇന്ത്യ തനിക്കെതിരെ അനാവശ്യ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതിനുള്ള തെളിവാണ് തന്നെ ലാഹോർ കോടതി വെറുതെ വിട്ടത്. കശ്മീരിന്‍റെ കാര്യം പരിഗണിക്കുന്നതിനാലാണ് തനിക്കെതിരെ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നതെന്നും ഹാഫിസ് വ്യക്തമാക്കി.


അതേസമയം, ഭീകരതയെ സാമാന്യവത്കരിക്കുന്ന പാക് നടപടിക്കു തെളിവാണിതെന്നും ഇത്തരം വിഷയങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ഗൗരവം നല്‍കുന്നില്ലയെന്നും രാജ്യാന്തര സമൂഹം ഇത് തിരിച്ചറിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യുഎസ് ഇയാളുടെ തലയ്ക്ക് 10 മില്യണ്‍ ഡോളര്‍ വിലയിട്ടിരുന്നു. കോടതി പുറത്തുവിട്ടെങ്കിലും മറ്റേതെങ്കിലും കേസില്‍ ഇയാളെ പാക് സര്‍ക്കാര്‍ തടവില്‍ വച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഹഫീസിന്‍റെ മോചനം പാക്കിസ്ഥാനെ ഏറെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.