ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്ത് ഉദ്ദ്ദവ തലവനുമായ ഹാഫിസ് സയ്യിദിന്‍റെ വീട്ടുതടങ്കല്‍ ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച്  പാകിസ്ഥാന്‍. ഹാഫിസ് സയ്യിദിന്‍റെ പ്രവര്‍ത്തനങ്ങള്‍ സമാധാനത്തിന് ഭീഷണിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ജനുവരി 31 മുതല്‍ പാകിസ്ഥാനില്‍ വീട്ടുതടങ്കലിലാണ് ഹാഫിസ് സയ്യിദ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹാഫിസ് സയ്യിദിനൊപ്പം കൂട്ടാളികളായ അബ്ദുള്ള ഉബൈദ്, മാലിക് സഫര്‍ ഇക്ബാല്‍, അബ്ദുള്‍ റഹ്മാന്‍ ആബിദ്, ഖാസി കാശിഫ് ഹുസൈന്‍ എന്നിവരുടെയും വീട്ടുതടങ്കല്‍ ഒരു മാസം കൂടി നീട്ടിയിട്ടുണ്ട്. 


സയ്യിദിനെയും കൂട്ടാളികളെയും മോചിപ്പിച്ചാല്‍ ഇവര്‍ രാജ്യത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമെന്ന് ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാട്ടുന്നു. സയ്യിദിന്‍റെ നേതൃത്വത്തില്‍ വലിയ ധര്‍ണ സംഘടിപ്പിക്കാനും ചിലര്‍ പദ്ധതിയിടുന്നതായി ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ഇത് തടയുന്നതിനാണ് വീട്ടുതടങ്കല്‍ ദീര്‍ഘിപ്പിച്ചത്. 


അതേസമയം, വീട്ടുതടങ്കല്‍ ദീര്‍ഘിപ്പിച്ച ആഭ്യന്തരവകുപ്പിന്‍റെ നടപടിക്കെതിരെ ഹാഫിസ് സയ്യിദ് ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ചു. വെറും ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടെയും പുറത്താണ് തന്നെ വീട്ടുതടങ്കലില്‍  പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് ഹാഫിസ് സയ്യിദിന്‍റെ ആരോപണം. ഹര്‍ജിയില്‍ ഒക്ടോബര്‍ രണ്ടിന് കോടതി വാദം കേള്‍ക്കും.