ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ പാക് സൈന്യം തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏതൊക്കെ ഭാഗങ്ങളിലാണ് ആദ്യം ആക്രമണം നടത്തേണ്ടതെന്ന രൂപരേഖ  തയാറാക്കിയതായി പാക് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇന്ത്യയുടെ ഏതു സൈനിക നടപടിയെയും പ്രതിരോധിക്കാന്‍ പാകിസ്താന്‍ പൂര്‍ണമായും സജ്ജമായിട്ടുണ്ട്. ഇന്ത്യയിലെ ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണെന്നു തീരുമാനിച്ചതായും ഇതിനായി മുഴുവൻ പാക്ക് സേനയെയും തയാറാക്കി നിർത്തിയതായും ജിയോ ടിവി റിപ്പോർട്ടിലുണ്ട്.


പാക് സൈന്യം ഒന്നടങ്കം കനത്ത ജാഗ്രതയിലാണ്. ഇന്ത്യയുടെ ഭാഗത്തുനിന്നും ഒരു ചെറിയ തിരിച്ചടി ഉണ്ടായാല്‍പ്പോലും നേരിടാന്‍ സൈന്യം തയാറായിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്റെ സൈനികശേഷിയെക്കുറിച്ച് ഇന്ത്യയ്ക്ക് വ്യക്തമായി അറിയാം. രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൈന്യത്തെ പല ഭാഗങ്ങളിലും വിന്യസിച്ചിരിക്കുകയാണ്. 


എന്നാല്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും എന്തു വെല്ലുവിളി ഉണ്ടായാലും അതിനെ നേരിടാന്‍ പാക് സൈന്യം സജ്ജമാണെന്നും ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ തിരിച്ചടിച്ചേക്കുമെന്ന ഭീതിയില്‍ പാക് സൈനിക വിമാനങ്ങള്‍ പരീശിലനം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


കഴിഞ്ഞദിവസം, ഉറിയില്‍ സൈനിക പോസ്റ്റിനുനേര്‍ക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചിലില്‍ പത്തു ഭീകരരെയും വധിച്ചിരുന്നു.