ഹേഗ്: പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന്‍റെ വധശിക്ഷ തടഞ്ഞ് അന്താരാഷ്ട്ര നീതിന്യായ കോടതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷന്‍ ജാദവിനെ ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക്‌ സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയിലായിരുന്നു അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഈ വിധി. 


വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക് സൈനിക കോടതിയുടെ വിധി പുനഃപരിശോധിക്കണമെന്നും ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര കോടതി വിധിച്ചു.


16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കുല്‍ഭൂഷന് ആവശ്യമായ നയതന്ത്ര സഹായം ഇന്ത്യയ്ക്ക് നല്‍കാമെന്ന് കോടതി വിധിച്ചു.


2016 മാര്‍ച്ച്‌ മൂന്നിനാണ് ജാദവിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യക്ക് വേണ്ടി ബലുചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്ന് ആരോപിച്ച് 2017 ഏപ്രിലില്‍ പാക്‌ സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 


ഇതിനെതിരെ മെയ്‌ മാസത്തില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. കുല്‍ഭൂഷന്‍ ജാദവിനെ ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വധശിക്ഷയെന്ന്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. തുടര്‍ന്ന്‍ കോടതി വധശിക്ഷ തടഞ്ഞിരുന്നു. 


ശരിയായ വിചാരണ കൂടാതെയാണ് പാക്കിസ്ഥാന്‍ കുല്‍ഭൂഷന്‍ ജാദവിനെ ശിക്ഷിച്ചതെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചിരുന്നു. 2019 ഫെബ്രുവരി മാസത്തില്‍ നടന്ന വാദം കേള്‍ക്കല്‍ നാലുദിവസം നീണ്ടുനിന്നിരുന്നു.


മുന്‍ സോളിസിറ്റര്‍ ജനറലായ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്രനീതിന്യായ കോടതിയില്‍ ഹാജരായത്. രണ്ടു വര്‍ഷവും രണ്ടു മാസവും നീണ്ട കാത്തിരിപ്പിനൊടുവിലാണ്‌ ഈ വിധി.