ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര പൊതുസഭയിൽ പങ്കെടുക്കാൻ എത്തിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കണ്ടതിനുശേഷം മാധ്യമങ്ങളെ കണ്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹം ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരുടെ കശ്മീർ, തീവ്രവാദം, പാകിസ്ഥാൻ എന്നിവയുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ഉത്തരം നൽകിയെങ്കിലും ഇതിനിടയില്‍ സീ ന്യൂസ് ലേഖകൻ അദിതി ത്യാഗി ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങളെ ഇമ്രാന്‍ ഖാന്‍ അവഗണിച്ചു. 


ഒടുവില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ ഒരു ചോദ്യമെങ്കിലും കേള്‍ക്കൂ എന്ന് അദിതി ത്യാഗിയുടെ ചോദ്യത്തിനെ കേള്‍ക്കാത്തമട്ടില്‍ അവഗണിച്ച ഇമ്രാന്‍ ഖാന്‍ പെട്ടെന്ന് പത്രസമ്മേളനത്തില്‍ നിന്നും പുറത്തുപോയി.


തിങ്കളാഴ്ച ഡൊണാൾഡ് ട്രംപുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തെക്കുറിച്ച് ചോദ്യം ചോദിച്ച പാകിസ്ഥാൻ മാധ്യമപ്രവർത്തകരിൽ ഒരാളെ അമേരിക്കൻ പ്രസിഡന്റ് പരിഹസിച്ചപ്പോഴും ഇമ്രാന്‍ ഖാന്‍റെ മുഖം മാറിയിരുന്നു.


സംയുക്ത പത്രസമ്മേളനത്തിനിടെ പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ കശ്മീർ പ്രശ്‌നം ആവർത്തിച്ച് ഉന്നയിക്കുകയും നിങ്ങള്‍ ഇമ്രാന്‍ ഖാന്‍റെ ടീമിലെയാണോ എന്ന് ട്രംപിനോട് ചോദിക്കുകയും ചെയ്തു. അതിനു മറുപടിയായി 'ഇതുപോലുള്ള റിപ്പോർട്ടർമാരെ നിങ്ങൾക്ക് എവിടെ നിന്ന് കിട്ടുന്നു?' എന്നാണ് ട്രംപ്‌ ഇമ്രാന്‍ ഖാനോട് ചോദിച്ചത്. 


എന്നാല്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താൻ ഇന്ത്യക്ക് യാതൊരു മടിയുമില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.


ഇതിനായി ഇസ്ലാമാബാദിൽ നിന്നും എന്തെങ്കിലും നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഇതുവരെ അങ്ങനൊന്നും നടന്നിട്ടില്ലയെന്നും കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു.


മാത്രമല്ല ലോകത്തെ രണ്ടാമത്തെ വലിയ മുസ്ലിം ജനസംഖ്യ ഇന്ത്യയിലാണെന്നും ആഗോള തീവ്രവാദ പ്രവർത്തനങ്ങളുടെയോ മൗലികവാദത്തിന്‍റെയോ പാതയിലൂടെ സഞ്ചരിക്കുന്നവരിൽ ഇന്ത്യൻ മുസ്ലിംങ്ങളുടെ എണ്ണം വളരെ കുറവാണെന്നും മോദി ട്രംപിനോട് പറഞ്ഞിരുന്നു.


പാക്കിസ്ഥാന്‍റെ ഭീകരവാദത്തെ നരേന്ദ്രമോദി ശരിയായ രീതിയില്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് നേരത്തെ ട്രംപ്‌ പറഞ്ഞിരുന്നു.