ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപുകളിലുണ്ടായ ശക്തമായ ഭുകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 98 ആയി. 250 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂകമ്പ ബാധിത പ്രദേശത്ത് നിന്നും നിവാസികളെയും വിനോദ സഞ്ചാരികളെയും അധികൃതര്‍ ഒഴിപ്പിക്കുന്നുണ്ട്. സ്ഥലത്തെ കെട്ടിടങ്ങളും വാഹനങ്ങളും വ്യാപകമായി തകര്‍ന്നു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. 


ഇന്തോനേഷ്യയിലെ പ്രധാന വിനോദ സഞ്ചാര ദ്വീപുകളായ ബാലിയിലും ലംബോക്കിലുമാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് അത് പിന്‍വലിച്ചിരുന്നു. 


ലംബോക്കിന്‍റെ വടക്കന്‍ തീരത്ത് ഭൂനിരപ്പില്‍ നിന്ന് 15 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു പ്രഭവകേന്ദ്രം. ലംബോക്കില്‍ ഒരാഴ്ചക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂകമ്പമാണ് ഇന്നലെ ഉണ്ടായത്.


റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പത്തില്‍ 17 പേര്‍ മരിച്ചിരുന്നു. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്ന പ്രദേശങ്ങളില്‍ ഇനിയും മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.


സൈനികരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമും, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ടീം രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഓസ്‌ട്രേലിയയുടെ സഹായം അഭ്യര്‍ഥിക്കുമെന്ന് ഇന്തോനേഷ്യന്‍ പ്രധാനമന്ത്രി അറിയിച്ചു.