വാഷിംഗ്‌ടണ്‍: ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരങ്ങളില്‍ വീശിയടിച്ചു തുടങ്ങി. അമേരിക്കയിലെ ഫ്ളോറിഡ സംസ്ഥാനത്തിന്‍റെ തെക്കൻ ഭാഗങ്ങളിലേക്കാണ് ഇര്‍മ പ്രവേശിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇർമയുടെ തുടർച്ചയായി ഫ്ളോറിഡയിൽ കനത്ത മഴയാണെന്ന്‍ യുഎസ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 209 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് തീരത്ത് വീശിയടിക്കുന്നത്. ഇതുവരെ 63 ലക്ഷം ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.


'ജീവന് ഭീഷണിയാണ്' ഇർമ എന്ന മുന്നറിയിപ്പും ഇതിനോടകം പുറപ്പെടുവിച്ചു കഴിഞ്ഞു. ക്യൂബ, കരീബിയന്‍ ദ്വീപുകളിൽ കനത്ത നാശം വരുത്തിയ ഇർമ, 25 പേരുടെ ജീവനാണ് കവർന്നത്.


ലോവർ ഫ്ളോറിഡ കീസ് പ്രദേശങ്ങളിൽ ഇനിയുള്ള രണ്ടുമണിക്കൂർ കനത്ത കാറ്റ് വീശുമെന്നാണു മുന്നറിയിപ്പ്. കീ വെസ്റ്റിനെയും കാറ്റ് ബാധിച്ചേക്കും. പതിനഞ്ച് അടി ഉയരത്തിൽ തീരത്തേക്കു തിരകൾ ആഞ്ഞടിക്കുമെന്നും പ്രദേശത്തെ വീട്ടുകാർ ഒഴിഞ്ഞുപോകണമെന്നും അധികൃതർ അറിയിച്ചു.