വാഷിംഗ്‌ടണ്‍: കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് ഏതാനും മണിക്കൂര്‍കൂടി കഴിയുമ്പോള്‍ അമേരിക്കന്‍ തീരത്തെത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗത്തിലാണ് ഇര്‍മ വീശുന്നത്. ക്യൂബയില്‍ കനത്ത നാശം വിതച്ച കൊടുങ്കാറ്റിന്‍റെ ശക്തി അല്‍പം കുറഞ്ഞിരുന്നെങ്കിലും അമേരിക്കന്‍ തീരത്തെത്തുമ്പോള്‍ വീണ്ടും വേഗം വര്‍ധിക്കുമെന്നാണ് പ്രവചനം. അമേരിക്കന്‍ തീരങ്ങളില്‍ കനത്ത നാശം ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും ഇതുവരെ ഇരുപത്തിനാല് പേര്‍ ഇര്‍മ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 


അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ് ഇര്‍മ കാരണമായിരിക്കുന്നത്. 


ഇതുവരെ 56 ലക്ഷം പേരെ ഫ്ലോറിഡയില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിൽ ജനസംഖ്യയുടെ കാൽഭാഗത്തോളം പേരെയാണ് ഒഴിപ്പിച്ചത്. 


കിടക്കകളും മറ്റ് അവശ്യസാധനങ്ങളും മുകളിൽ കെട്ടിവെച്ച് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്ന വാഹനങ്ങളുടെ യാത്രയാണ്‌ ഫ്ലോറിഡയിലെ കാഴ്ച. കൂട്ട പലായനത്തെ തുടർന്നു നഗരത്തിലെ മൂന്നിലൊന്നു പമ്പുകളിലും ഇന്ധനം തീർന്നു. 1992ൽ വീശിയടിച്ച ആൻഡ്രൂ ചുഴലിക്കാറ്റിനേക്കാൾ വിനാശകാരിയാണ് ഇർമയെന്നാണു വിലയിരുത്തൽ.