വാഷിങ്ടന്‍: യുഎസില്‍ വാഷിങ്ടണ്‍ ഡിസിയിലെ പാകിസ്ഥാന്‍ എംബസിക്ക് മുന്നില്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെയും ബലൂചിസ്ഥാന്‍ സ്വദേശികളുടെയും പ്രതിഷേധം. പാകിസ്ഥാന്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ കുടുംബത്തെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

#ChappalChorPakistan എന്ന ഹാഷ്ടാഗുമായാണ് പാകിസ്ഥാന്‍ എംബസിക്ക് മുന്നില്‍ അവര്‍ ചെരുപ്പുകളുമായി പ്രതിഷേധം നടത്തിയത്. ജാദവിന്‍റെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണു നടപടി.  ഡിസംബര്‍ 25ന് പാക്ക് സര്‍ക്കാരിന്‍റെ അനുവാദത്തോടെ കുല്‍ഭൂഷനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയുടെ കാലില്‍ കിടന്ന ചെരുപ്പ് രഹസ്യവസ്തുവുണ്ടെന്ന് ആരോപിച്ചു പാകിസ്ഥാന്‍ ഊരിമാറ്റിയിരുന്നു. പിന്നീട് ഇവ തിരികെ നല്‍കിയുമില്ല.  ഈ നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാക്ക് എംബസിക്കുമുന്നില്‍ പ്രതിഷേധക്കാര്‍ ചെരുപ്പുകളുമായി പ്രതിഷേധിച്ചത്. ഉപയോഗിച്ചു പഴകിയ ചെരുപ്പുകളാണു പ്രതിഷേധത്തിനായി കൊണ്ടുവന്നത്.  ഒരു സ്ത്രീയുടെ ചെരുപ്പ് കട്ടെടുത്ത അവര്‍ ഈ ചെരുപ്പും ഉപയോഗിക്കട്ടെ എന്ന് ഒരു സമരക്കാരന്‍ പറഞ്ഞു.  മറ്റൊരു പ്രതിഷേധക്കാരന്‍ പറഞ്ഞത് പാകിസ്ഥാന്‍റെ ഇടുങ്ങിയ ചിന്താഗതിയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത് എന്നാണ്. 


കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ അമ്മയെയും ഭാര്യയെയും സുരക്ഷയുടെ പേരു പറഞ്ഞു പാക്കിസ്ഥാന്‍ അപമാനിക്കുകയായിരുന്നു. കുടുംബത്തിന്‍റെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തിയ പാക്കിസ്ഥാന്‍ കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യയുമായുണ്ടാക്കിയ ധാരണകള്‍ മൊത്തത്തില്‍ ലംഘിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുമ്പ്  എപ്പോഴും സാരി ധരിക്കുന്ന അമ്മയോട് ചുരിദാര്‍ അണിയാന്‍ പറഞ്ഞു. അമ്മയുടെയും ഭാര്യയുടെയും താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാന്‍ അനുവദിച്ചില്ല. എന്നിങ്ങനെ വളരെ ക്രൂരമായ രീതിയില്‍ ആയിരുന്നു അവരുടെ പെരുമാറ്റങ്ങള്‍.