ഒട്ടാവ: കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് ആയി സിഖ്‍ അഭിഭാഷകനായ ജഗ്മീത് സിംഗിനെ തെരഞ്ഞെടുത്തു. 53.6 ശതമാനം വോട്ടുകള്‍ നേടിയാണ് മുപ്പത്തെട്ടുകാരനായ ജഗ്മീത് പ്രസിഡന്‍റ് സ്ഥാനത്തെത്തിയത്.കാനഡയിലെ ഏറ്റവും വലിയ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാണിത്. എന്‍.ഡി.പിയുടെ നേതൃത്വത്തിലെത്തുന്ന ആദ്യ ഇന്ത്യാക്കാരനാണ് ജഗ്മീത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാര്‍ട്ടിയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്നതിനായി 50 ശതമാനം വോട്ടാണ് വേണ്ടിയിരുന്നത്. എന്നാല്‍,ആദ്യ റൗണ്ടില്‍ തന്നെ ജഗ്മീത് 50 ശതമാനത്തിലേറെ വോട്ടു നേടി. അതിനാല്‍ തന്നെ ഒക്ടോബര്‍ 8ന് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ ആവശ്യം ഉണ്ടാവില്ല. സിംഗിനെ കൂടാതെ മൂന്ന് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 65,000 പേര്‍ വോട്ട് രേഖപ്പെടുത്തിയതില്‍ 35,000ലേറെ വോട്ടുകള്‍ സിംഗ് നേടി.


പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ മുതല്‍ ആരംഭിക്കുന്നുവെന്നും അടുത്ത പ്രധാനമന്ത്രിക്കായി താന്‍ ഇന്ന് മുതല്‍ ഒൗദ്യോഗികമായി പ്രചാരണത്തിനിറങ്ങുന്നുവെന്നും ജഗ്മീത് പറഞ്ഞു. 2019ല്‍ നടക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ജഗ്മീത് ആയിരിക്കും എന്‍.ഡി.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. 


ഈ വിജയത്തിനു ജഗ്മീത് എല്ലാവര്‍ക്കും തന്‍റെ നന്ദി അറിയിച്ചു.  2019ല്‍ കാനഡയെ നയിക്കാനുള്ള ശ്രമം താന്‍ ഇവിടെ നിന്ന് തുടങ്ങുകയാണെന്നും ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്ന ഒരു സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.