പാരിസ്: ജറുസലേം ഇസ്രായേലിന്‍റെ തലസ്ഥാനമായി പ്രഖ്യാപിച്ച നടപടിക്കെതിരെ നടക്കുന്ന വ്യാപകമായ പ്രതിഷേധങ്ങളെ തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. പലസ്തീന്‍ ജനത യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളണമെന്നും അധികം വൈകാതെ അവര്‍ക്ക് ഈ തീരുമാനത്തെ അംഗീകരിക്കേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞു.  പാരീസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു നെതന്യാഹു.


ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നടപടിയില്‍ അറബ് ലോകത്തെങ്ങും പ്രതിഷേധം ശക്തമായി. പലസ്തീനില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ തുടരുകയാണ്. പലസ്തീന്‍ അതോറിറ്റി അധ്യക്ഷന്‍ മഹ്മൂദ് അബ്ബാസിന്‍റെ ഫത്ത പാര്‍ട്ടി പ്രതിഷേധം തുടരാന്‍ പലസ്തീന്‍കാരോട് ആഹ്വാനം ചെയ്തു. ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസ് പുതിയ സൈനികമുന്നേറ്റത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.