കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ താലിബാന്‍ ഭീകരരുടെ റോക്കറ്റ് ആക്രമണത്തില്‍നിന്നും ഇന്ത്യന്‍ വിമാനം രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള സ്പൈസ് ജെറ്റിന്‍റെ എസ്സ്ജി 22 കാബുള്‍-ഡല്‍ഹി  വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്. ഇതില്‍ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിമാനം പുറപ്പെടാന്‍ തയാറെടുക്കുമ്പോഴായിരുന്നു ആക്രമണം. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരായി വിമാനത്താവളത്തിലേക്കു മാറ്റി. വിമാനത്തിനു കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.  നിരവധി റോക്കറ്റുകളാണ് വിമാനത്താവളത്തിനു നേര്‍ക്ക് ഭീകരര്‍ പ്രയോഗിച്ചത്. വിമാനത്താവളത്തിനു സമീപത്തുള്ള വീട്ടിലാണ് ഒരു റോക്കറ്റ് പതിച്ചത്,  അഞ്ചു പേര്‍ക്ക് പരിക്കേറ്റു.


യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് താലിബാന്‍ അറിയിച്ചു. മാറ്റിസ് വിമാനം ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ആക്രമണം. മാറ്റിസും നാറ്റോ സെക്രട്ടറി ജനറല്‍ ഷാന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗും അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയുമായി കൂടിക്കാഴ്ച നടത്തുമ്പോഴാണ് കാബൂള്‍ വിമാനത്താവളത്തില്‍ റോക്കറ്റുകള്‍ പതിച്ചത്.