സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ സ്വപ്നതുല്യമായ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീരചരിതം ലണ്ടനിലെ സാമ്പത്തിക കേന്ദ്രമായ കാനറി വാര്‍ഫിന്‍റെ ചുമരുകളിലും!


COMMERCIAL BREAK
SCROLL TO CONTINUE READING

കാനറി വാര്‍ഫ് കെട്ടിടത്തിന്‍റെ ചുമരുകളില്‍ സ്ഥാപിച്ചിട്ടുള്ള റോയിട്ടേഴ്സിന്‍റെ വാര്‍ത്താ ബോര്‍ഡിലാണ് കേരളത്തിലെ പ്രളയക്കെടുതിയില്‍ രക്ഷയ്ക്കായി എത്തിയ മത്സ്യത്തൊഴിലാളികളുടെ കാര്യം പരാമര്‍ശിക്കുന്നത്.


കലിതുള്ളി കാലവര്‍ഷം ഇരമ്പിയാര്‍ത്തപ്പോള്‍ കേരളം നേരിട്ടത് നൂറ്റാണ്ടിലെ മഹാപ്രളയമാണ്. ഒട്ടനേകം ജീവിതങ്ങളെ തകര്‍ത്തെറിഞ്ഞ് മഹാമാരി പിന്‍വാങ്ങിയപ്പോള്‍ നമുക്ക് നഷ്ടമായത് ഒട്ടേറെ ജീവിതങ്ങളും.


ദുരന്തപ്പെയ്ത്തില്‍ ബാക്കിയായ ജീവിതങ്ങളെ മരണമുഖത്തു നിന്നും ജീവിതത്തിന്‍റെ തീരത്തേക്ക് കൂട്ടിക്കൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗങ്ങള്‍ക്കൊപ്പം ക്ഷണിക്കാതെ എത്തിയ രക്ഷകരായിരുന്നു കടലിന്‍റെ മക്കള്‍.


കലിതുള്ളിയ പ്രളയജലത്തില്‍ സ്വന്തം ജീവന്‍ പണയംവച്ച് ആയിരങ്ങളെ രക്ഷപ്പെടുത്തിയവര്‍ക്ക് ലോകമെങ്ങും നിന്ന് നന്ദിയും അഭിനന്ദനവും ഇപ്പോഴും പ്രവഹിക്കുന്നതിന്‍റെ വ്യക്തമായ സൂചനയാണ് റോയിട്ടേഴ്സിന്‍റെ ന്യൂസ്‌ സ്ക്രോളില്‍ തെളിയുന്നത്. 


ഫേസ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങി സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ടില്ലാത്ത ഇവര്‍ ഇന്ന് ഇതേ മാധ്യമങ്ങളില്‍ വീരനായകന്‍മാരായി നിറഞ്ഞുനില്‍ക്കുകയാണ്.


ഒട്ടും പരിചിതമല്ലാത്ത നാടുകളിലെത്തി തിരികെ ഒന്നും പ്രതീക്ഷിക്കാതെ കരകാണാകയങ്ങളില്‍ നിന്ന് ജീവിതത്തിന്‍റെ തുരുത്തുകളിലേക്ക് കൈപിടിച്ചുയര്‍ത്തിയവരെ ലോകം അഭിനന്ദിക്കുകയാണ്.