ലണ്ടന്‍: ബ്രിട്ടനില്‍ ആകെയുള്ള 900 കെഎഫ്സി ഔട്ട്ലറ്റുകളില്‍ അറുന്നൂറോളം എണ്ണത്തിന് പൂട്ടുവീണു. ചിക്കന്‍ സ്റ്റോക്ക്‌ തീര്‍ന്നതാണ് പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ്‌ ശൃംഖലയായ കെഎഫ്സിയുടെ ഭൂരിഭാഗം ഔട്ട്‌ലറ്റുകളും പൂട്ടാന്‍ കാരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത വാരാന്ത്യത്തോടെ പ്രതിസന്ധി പരിഹരിച്ച് ഭക്ഷണശാലകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്സിയുടെ അധികൃതരെങ്കിലും ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.


കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് കെഎഫ്സിയുടെ പ്രവർത്തനം താളം തെറ്റിത്തുടങ്ങിയത്. അതുവരെ സൗത്ത് ആഫ്രിക്കൻ വിതരണ കമ്പനിയായ ബിഡ്‌വെസ്റ്റ് ആയിരുന്നു ഔട്ട്ലറ്റുകളിൽ ചിക്കനും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചിരുന്നത്. ഇവരുടെ കരാർ അവസാനിപ്പിച്ച് വിതരണച്ചുമതല ഡിഎച്ച്എല്ലിനെ ഏൽപ്പിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്ക് രാജ്യത്തിന്‍റെ പലഭാഗത്തും അയർലൻഡിലും ആവശ്യത്തിന് ചിക്കൻ എത്തിക്കാൻ കഴിയാതെ വന്നതോടെ ശാഖകള്‍ ഓരോന്നായി പൂട്ടുകയായിരുന്നു.


ഔട്ട്‌ലറ്റുകളിലെ ജീവനക്കാരോട് ശമ്പളത്തോടുകൂടിയ അവധിയില്‍ പ്രവേശിക്കാനാണ് കെഎഫ്സിയുടെ നിര്‍ദേശം. എന്നാല്‍, സ്വകാര്യ ഫ്രാഞ്ചൈസികളിലെ ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.  


അത്യാവശ്യക്കാര്‍ക്ക് കെഎഫ്സി വെബ്സൈറ്റുകള്‍ വഴി അടുത്തുള്ള പ്രവർത്തനസജ്ജമായ ഔട്ട്ലറ്റ് കണ്ടെത്താനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.