വാഷിങ്ടൺ: അടുത്ത അമേരിക്കൻ പ്രസിഡന്റ് സ്ഥാനമേറ്റ് 100 ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കണമെന്ന് യുഎസ് വിദഗ്ദ്ധ സംഘം. യുഎസിലെ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിലെ (സിഎസ്‌ഐഎസ്) വിദഗ്ധരാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. സുരക്ഷാ രംഗത്തെ ഇന്ത്യ-യുഎസ് സഹകരണവുമായി ബന്ധപ്പെട്ട് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബരാക് ഒബാമയുടെ പിന്‍ഗാമി സ്ഥാനമേല്‍ക്കാന്‍ ഏതാണ്ട് മൂന്നു മാസം മാത്രം ശേഷിക്കെയാണ് അതാരായാലും ഇന്ത്യയുമായുള്ള ബന്ധത്തിന്‍റെ കാര്യത്തില്‍ ഒബാമ സ്വീകരിച്ച നയം പിന്തുടര്‍ന്നേ മതിയാകൂ എന്ന് വ്യക്തമാക്കി സിഎസ്‌ഐഎസ് രംഗത്തെത്തിയത്. പുതിയ പ്രസിഡന്റ് സ്ഥാനമേറ്റ് 100 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ പ്രത്യേക താല്‍പര്യമെടുക്കുന്നത്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ഉണര്‍വുള്ളതാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.


ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏറ്റവും ശക്തനായ നേതാവായിട്ടാണ് സംഘം വിലയിരുത്തുന്നത്. അദ്ദേഹവുമായിട്ടുള്ള ബന്ധം ഏഷ്യ പസഫിക് മേഖലയിൽ അമേരിക്കയ്ക്ക് കൂടുതൽ ഗുണകരമാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ വിദേശ നയങ്ങളെ വിദഗ്ദ്ധർ പ്രശംസിക്കുന്നുണ്ട്.


ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ഒരു ചതുര്‍രാഷ്ട്ര സുരക്ഷാ സഹകരണത്തിന് അടുത്ത യുഎസ് ഭരണകൂടം മുന്‍കൈയെടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. പസിഫിക്, ഇന്ത്യന്‍ മഹാസമുദ്ര മേഖലകളിലെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കാകണം മുന്‍ഗണന നല്‍കേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.