വാഷിംഗ്ടണ്‍: നിരന്തരം മിസൈൽ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെ.  യുഎൻ സുരക്ഷാ കൗണ്‍സിൽ യോഗത്തിലാണ് ഉത്തരകൊറിയയ്ക്കെതിരേ അമേരിക്ക രംഗത്തെത്തിയത്. മാത്രമല്ല, ഉത്തര കൊറിയയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് യുഎസ് ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെടുകയും ചെയ്തു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക രാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്ന ഉത്തര കൊറിയയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും, നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ കൊണ്ട് ഇനി കാര്യമില്ലെന്നുമാണ് യുഎസിന്‍റെ നിലപാട്. ഉത്തരകൊറിയയുടെ ആണവപദ്ധതികളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളേയും നിക്കി ഹാലെ കുറ്റപ്പെടുത്തി. ഉത്തരകൊറിയയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചനകളാണ് യുഎസ് നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്.


ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് യുഎൻ സുരക്ഷാ കൗണ്‍സിൽ അടിയന്തര യോഗം ചേർന്നത്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് അടിയന്തര യോഗത്തിൽ പങ്കെടുത്തത്. ഐക്യരാഷ്ട്രസഭയുടേയും, യുഎസ് അടക്കമുള്ള രാജ്യങ്ങളുടേയും മുന്നറിയിപ്പുകള്‍ അവഗണിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്. ഇതേ തുടര്‍ന്ന് ശക്തമായ സൈനിക നടപടി സ്വീകരിക്കാന്‍ മടിയ്ക്കില്ലെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു.