ന്യൂഡൽഹി:   അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാനായി ഇന്ത്യ-പാകിസ്താന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് അറിയിച്ചു​.  സംഘർഷം കുറക്കാൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവലും പാക്​ സുരക്ഷാ ഉപദേഷ്​ടാവ്​ നാസിർഖാൻ ജാൻജ്വയും  തമ്മിൽ ധാരണയായിരുന്നെന്നും സർതാജ്​ അസീസ്​ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘർഷം കുറക്കാനാണ്​ പാകിസ്​താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ കശ്​മീർ പ്രശ്​നത്തിൽ നിന്ന്​ ലോകത്തി​ന്‍റെ ശ്രദ്ധ തിരിക്കാൻ ഇന്ത്യയാണ്​ നിയന്ത്രണരേഖയിൽ സംഘർഷം വർധിപ്പിക്കുന്നതെന്നും സർതാജ്​ അസീസ്​ ആരോപിച്ചു. ​‘സർജിക്കൽ സ്​ട്രൈക്ക്’​ നടത്തിയെന്ന്​  ഇന്ത്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത്​ പൊതുജനങ്ങളെ തൃപ്​തിപ്പെടുത്താൻ വേണ്ടിയാണെന്നും സർതാജ്​ അസീസ്​ ആരോപിച്ചു. എന്നാല്‍, കശ്മീർ പ്രശ്നം പരിഹരിക്കുന്നതുവരെ അതിർത്തിയിൽ പ്രശ്നങ്ങൾ തുടരുമെന്ന പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ വാക്കുകള്‍ സർതാജ് അസീസ് ആവർത്തിച്ചു.


അതിർത്തിയിൽ, പാക്ക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നുണ്ട്. ഇങ്ങനെ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ ചർച്ച നടത്തിയത്.


കഴിഞ്ഞ കുറെ മാസങ്ങളായി അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്നുവരുന്ന ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ഇന്ത്യ-പാക്‌ ബന്ധം വഷളായത്.  സെപ്റ്റബർ 18ന് ഉറി സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് നിയന്ത്രണരേഖ മറികടന്ന്​ ഇന്ത്യന്‍ സൈന്യം പാക്​ ഭീകരകേന്ദ്രങ്ങളിൽ മിന്നൽ ആക്രമണം നടത്തിയിരുന്നു​. ഇതിനു പിന്നാലെ ഞായറാഴ്ച രാത്രി ബാരാമുല്ലയിലെ സൈനിക ക്യാംപിൽ ഭീകരാക്രമണമുണ്ടായി. ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചു.