ഇസ്ലാമാബാദ്: ഭീകരവാദ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്ന മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിന്‍റെ തടവ് ഇനിയും തുടരേണ്ടതില്ലെന്ന്‍ പാക് സര്‍ക്കാര്‍ നിലപാടു സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഇയാളുടെ തടങ്കല്‍ നീട്ടുന്നതിന് നല്‍കിയിരുന്ന അപേക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വര്‍ഷം ജനുവരി 31 മുതല്‍ ഹാഫീസ് സെയ്ദിനെയും നാല് സഹായികളെയും സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. ആദ്യം 90 ദിവസത്തേക്കായിരുന്നു വീട്ടുതടങ്കലെങ്കിലും പിന്നീടിത് രണ്ട് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വീട്ടുതടങ്കല്‍ നീട്ടാന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ മതിയായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് തങ്ങള്‍ അപേക്ഷ പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്.രാജ്യ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണയാണെന്ന് കാണിച്ചായിരുന്നു തടവ്.


ആഗോള ഭീകര സംഘടനയായി പ്രഖ്യാപിക്കപ്പെട്ട ജമാഅത്തു ദഅ്വയുടെ നേതാവായ സെയിദിന്റെ തലയ്ക്ക് 10 മില്യന്‍ അമേരിക്കന്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.പാകിസ്ഥാനില്‍ സൈന്യം പിടിമുറുക്കുന്നതായുള്ള സൂചനകള്‍ക്കിടയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. തീവ്രവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹാഫിസ് സെയിദിനെ രാഷ്ട്രീയത്തിലിറക്കാന്‍ സൈന്യം പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.