ന്യൂഡല്‍ഹി: പാകിസ്ഥാന്‍​ പ്രധാനമന്ത്രി ഷാഹിദ്​ അബ്ബാസിയെ അമേരിക്കയില്‍ സുരക്ഷാ പരിശോധനക്ക്​ വിധേയനാക്കിയെന്ന്​ റിപ്പോര്‍ട്ട്​. ന്യൂയോര്‍ക്കിലെ ജെ.എഫ്​.കെ വിമാനത്താവളത്തിലാണ്​ സംഭവമെന്നും പാക്​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതുക്കൂടാതെ സ്വകാര്യ ആവശ്യത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി ഷാഹിദ്​ അബ്ബാസി ബാഗും കോട്ടും കൈയിലെടുത്ത്​ സുരക്ഷാ പരിശോധന കഴിഞ്ഞ് മടങ്ങിവരുന്നതിന്‍റെ ദൃശ്യങ്ങളും പാക്​ മാധ്യമങ്ങള്‍ പുറത്തു വിട്ടു. 


അതേസമയം, ഡി​പ്ലോമാറ്റിക്​ പാസ്​പോര്‍ട്ട്​ ഉണ്ടായിട്ടും പാക് പ്രധാനമന്ത്രിയെ സുരക്ഷാ പരിശോധനക്ക്​ വിധേയനാക്കിയ നടപടി രാജ്യത്തെ  അപമാനിക്കുന്നതാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്​.


അമേരിക്കയില്‍ ചികിത്സയിലിരിക്കുന്ന സഹോദരിയെ സന്ദര്‍ശിക്കുന്നതിനായാണ്​ അബ്ബാസി കഴിഞ്ഞ ദിവസം  അമേരിക്ക സന്ദര്‍ശിച്ചത്​. 


ഭീകരവാദത്തെ പ്രോത്​സാഹിപ്പിക്കുന്നുവെന്ന പേരില്‍ പാകിസ്ഥാനെതിരെ അമേരിക്ക ശക്​തമായ നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ്​ ഈ സംഭവം. പാകിസ്ഥാന്‍ ഉദ്യോഗസ്​ഥര്‍ക്ക്​ വിസ നിഷേധിക്കുന്നതടക്കമുള്ള നടപടികള്‍ മുന്‍പ് അമേരിക്ക സ്വീകരിച്ചിരുന്നു.


അതേസമയം, പ്രധാനമന്ത്രി സ്വമേധയാ സുരക്ഷാ നടപടികൾ പിന്തുടരുകയായിരുന്നുവെന്ന് ഒരു പ്രമുഖ പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതുകൂടാതെ ചാനല്‍ പ്രകാശനം ചെയ്ത വീഡിയോയില്‍ ഒരു സുരക്ഷാ പ്രോട്ടോക്കോൾ പോലുമില്ലാതെ പാക് പ്രധാനമന്ത്രിയെ കാണിക്കുകയും ചെയ്തിരുന്നു. ലാളിത്യത്തിനുടമയാണ് ആബ്ബാസി എന്നും ചാനല്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ബ്രിട്ടീഷ് സന്ദർശന വേളയിൽ സുരക്ഷ ഒഴിവാക്കി ട്രെയിനിൽ യാത്ര ചെയ്തത് അതിന് തെളിവാണെന്നും ചാനല്‍ പറഞ്ഞു.