ഹൂസ്റ്റണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദ്രവീകൃത പ്രകൃതി വാതക കരാറിനുള്ള ധാരണാപത്രം ഒപ്പിട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

50 ലക്ഷം ടണ്‍ എല്‍എന്‍ജി വാങ്ങാന്‍ പെട്രോനെറ്റും യുഎസ് കമ്പനിയായ ടെല്ലൂറിയനും തമ്മിലാണ് ധാരണയായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് ധാരണാപത്രം ഒപ്പിട്ടത്.


 



 


ഡ്രിഫ്റ്റ് വുഡില്‍ നടന്ന ചടങ്ങിലാണ് മുന്‍ നിശ്ചയിച്ച പ്രകാരമുള്ള ഇറക്കുമതി കരാറിന് ധാരണയായത്. 16 ഓളം കമ്പനികള്‍ ഊര്‍ജ്ജരംഗത്ത് മുതല്‍ മുടക്കാന്‍ തയ്യാറായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


അമേരിക്കന്‍ ഊര്‍ജമേഖലയിലെ വന്‍കിട കമ്പനി മേധാവികളുമായുള്ള കൂടിക്കാഴ്ചയോടെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഔദ്യോഗിക തുടക്കമായത്.ഊര്‍ജമേഖലയിലെ സഹകരണം വൈവിധ്യവല്‍ക്കരിക്കാനുള്ള ചര്‍ച്ചകളാണ് നടന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 


ഹൂസ്റ്റണിലെ സിക്ക് സമുദായ അംഗങ്ങളുമായും കശ്മീരി പണ്ഡിറ്റുകളുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കുടിക്കാഴ്ച നടത്തി.


 



 



 


രണ്ടാംതവണ പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് നരേന്ദ്രമോദി അമേരിക്കയിലെത്തുന്നത്. വൈകീട്ട് അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഒരുക്കുന്ന സ്വീകരണ പരിപാടിയായ ‘ഹൗഡി മോദി’യില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 


മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരിപാടിയില്‍ അതിഥിയാകും. ഹൂസ്റ്റണില്‍ മോദിക്ക് നല്‍കുന്ന ഈ സ്വീകരണ പരിപാടിയില്‍ 50,000 ഇന്ത്യക്കാര്‍ പങ്കെടുക്കും. 


ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യുന്നത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമേറിയ പരിപാടിയാണ് 'ഹൗഡി മോദി'.


കനത്ത മഴയുണ്ടെങ്കിലും അതൊന്നും പരിപാടിയെ ബാധിക്കില്ലെന്നാണ് സംഘാടകര്‍ അഭിപ്രായപ്പെടുന്നത്.