വാഷിംഗ്‌ണ്‍: മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍  പ്രസിഡന്‍റ്   (US President) തിരഞ്ഞെടുപ്പില്‍ തോറ്റാലും അധികാരം കൈമാറില്ലെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കയിലെ തിരഞ്ഞെടുപ്പ് രീതിയെ നിശിതമായി വിമര്‍ശിച്ച   ട്രംപ്  (Donald Trump) തിരഞ്ഞെടുപ്പിന് ശേഷം എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാമെന്നും  പറഞ്ഞു.  നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ  ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേ ആയിരുന്നു  ട്രംപിന്‍റെ വിവാദ പ്രതികരണം. 


മെയില്‍ ബാലറ്റുകള്‍ക്കെതിരെയായിരുന്നു   അദ്ദേഹത്തിന്‍റെ പ്രധാന ആരോപണം. നേരിട്ട് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ് മെയില്‍ ബാലറ്റ് സംവിധാനം അമേരിക്കയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് കാലത്ത് മെയില്‍ ബാലറ്റുകള്‍ കൂടുതല്‍ ഉപയോഗിക്കപ്പെടാമെന്നും ഇത് സുതാര്യമല്ലെന്നും ട്രംപ് ആരോപിച്ചു. മെയില്‍ ബാലറ്റുകളുടെ എണ്ണം വലിയ രീതിയിലാണെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഈ സാഹചര്യത്തില്‍ താന്‍തന്നെ അധികാരത്തില്‍ തുടരും. മെയില്‍ ബാലറ്റുകള്‍ വലിയ തട്ടിപ്പിന് കാരണമാകും. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിന് തടസമാണ് മെയില്‍ ബാലറ്റുകള്‍. ബാലറ്റുകള്‍ ഒഴിവാക്കിയാല്‍ സമാധാനപരമായി അധികാരം കൈമാറും. അല്ലെങ്കില്‍ അതുണ്ടാകില്ല. അധികാര തുടര്‍ച്ച നിങ്ങള്‍ക്ക് കാണാനാകുമെന്നും ട്രംപ് പറഞ്ഞു.


കൊറോണ വൈറസ് വ്യാപനത്തിനിടെ മെയില്‍ ഇന്‍ വോട്ടിംഗ് പ്രോത്സാഹിപ്പിക്കുകയാണ് യുഎസിലെ മിക്ക സംസ്ഥാനങ്ങളും എന്നാല്‍ ട്രംപ് ഇതിനെതിരെ നിരന്തരം പ്രചാരണം നടത്തിവരുകയാണ്. മെയില്‍ ബാലറ്റുകള്‍ തിരഞ്ഞെടുപ്പ് തിരിമറിക്ക് കാരണമാകുമെന്ന ആരോപണമാണ് ട്രംപ് ഉയര്‍ത്തുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ വളരെ സമാധാന പരമായിരിക്കുമെന്നും അധികാരകൈമാറ്റത്തിന്‍റെ  ആവശ്യമുണ്ടാകില്ലെന്നും ഭരണതുടര്‍ച്ചയുണ്ടാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.


Also read: White house ലക്ഷ്യമാക്കി എത്തിയ മാരക വിഷമടങ്ങിയ കത്ത് കാനഡയില്‍ നിന്ന്?


അമേരിക്കന്‍ ജനത ഇത് സംബന്ധിച്ച്‌ ഈ തിരഞ്ഞെടുപ്പില്‍ തീരുമാനിക്കുമെന്നും വൈറ്റ് ഹൗസില്‍ അനധികൃതമായി ഇരിക്കുന്ന കടന്നുകയറ്റക്കാരെ ഒഴിപ്പിക്കാനുള്ള ശേഷി യുഎസ് ഗവണ്‍മെന്റിനുണ്ടെന്നും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍ പറഞ്ഞു.


Also read: 'സമാധാനത്തിനുള്ള Nobel Prize എനിക്ക് തന്നെ' -Donald Trump


ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരായ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ട്രംപ് ഉള്ളത്. 


2016ലെ തിരഞ്ഞെടുപ്പ് സമയത്തും തോറ്റാല്‍ ജനവിധി അംഗീകരിക്കില്ലെന്ന തരത്തിലാണ് ട്രംപ് സംസാരിച്ചിരുന്നത്.