കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാന്‍ നഗരമായ ഗര്‍ദെസിലെ പോലീസ് ട്രെയിനിങ്ങ് ക്യാമ്പിനു നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 40 ഓളം പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ പ്രദേശിക പോലീസ് മേധാവിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പരിക്കേറ്റവരെ ഗര്‍ദെസയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങല്‍ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.


അക്രമികള്‍  സ്‌ഫോടകവസ്തു നിറച്ച കാര്‍ ട്രെയിനിങ്ങ് ക്യാമ്പിന്‍റെ കവാടത്തിലേക്ക് ഓടിച്ചുകയറ്റി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവയ്പുണ്ടായത്. രണ്ട് അക്രമികളെ സുരക്ഷാസേന വധിച്ചു. ആക്രമണത്തിന് ഇരയായവരില്‍ സ്ത്രീകളും വിദ്യാര്‍ത്ഥികളും പോലീസുകാരുമുണ്ടെന്ന് ഗര്‍ദെസ് ആശുപത്രി വക്താവ് അറിയിച്ചു. നാഷണല്‍ പോലീസ്, ബോര്‍ഡര്‍ പോലീസ്, അഫ്ഗാന്‍ ദേശീയ സേന എന്നിവയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ഗര്‍ദെസിലാണ്. കാബൂളില്‍ ദിവസങ്ങള്‍ക്കു മുന്‍പ് ചാവേറുകള്‍ വന്ന ട്രക്ക് പോലീസ് പിടിച്ചെടുത്തിരുന്നു. വന്‍ ആക്രമണ പദ്ധതിയാണ് അന്ന് പൊളിഞ്ഞത്. മൂന്നു ടണ്ണോളം സ്‌ഫോടകവസ്തുക്കളാണ് ട്രക്കിലുണ്ടായിരുന്നത്.