കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ ക്ലാസ്മുറിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാബൂളിലെ ഒരു ട്യൂഷന്‍ സെന്‍ററിലെ ക്ലാസ്മുറിയില്‍ ബുധനാഴ്ചയാണ് സ്ഫോടനം ഉണ്ടായത്. ആക്രമണത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 48 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 


ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള ക്ലാസ് നടക്കുമ്പോളാണ് ചാവേര്‍ ഭടന്‍ ക്ലാസ്മുറിയില്‍ എത്തി സ്‌ഫോടനം നടത്തിയത്. 


പതിനാറ് വയസിനും പത്തൊന്‍പത് വയസിനും ഇടയിലുള്ള വിദ്യാര്‍ഥികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. കാബൂളിലെ ഷിയാ ഭൂരിപക്ഷ മേഖലയിലുണ്ടായ ആക്രമണത്തില്‍ അറുപതിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. 


ആക്രമണസമയത്ത് ക്ലാസില്‍ നൂറോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. വിദ്യാര്‍ഥികളുടെ ചിതറിക്കിടക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ ഭീകരമായ കാഴ്ചയാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 


ബുധനാഴ്ച തന്നെ വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബാഗ്‌ലാം പ്രവിശ്യയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ 35 പട്ടാളക്കാരും ഒന്‍പത് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു.