ബെര്‍ലിന്‍: തെക്കന്‍ ജര്‍മനിയിലെ അന്‍സ്ബാക്കില്‍ റസ്റ്ററന്റില്‍ ചാവേര്‍ സ്‌ഫോടനം. സ്‌ഫോടനം നടത്തിയ സിറിയന്‍ യുവാവ് കൊല്ലപ്പെട്ടു. മറ്റ് 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.ബവേറിയ സംസ്ഥാനത്തെ നൂറെംബര്‍ഗിന് സമീപമുള്ള അന്‍സാബാക്കിലെ യൂഗെന്‍സ് വൈന്‍ ബാറിന് സമീപമാണ് ഞായറാഴ്ച വൈകീട്ട് സ്‌ഫോടനം നടന്നത്.സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ചില മാധ്യമങ്ങള്‍ സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, തൊട്ടടുത്ത് സംഗീതപരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

27 വയസുള്ള ഒരു സിറിയന്‍ അഭയാര്‍ത്ഥി യുവാവാണ് സ്‌ഫോടനം നടത്തിയത്. ജര്‍മനിയില്‍ അഭയം നിഷേധിക്കപ്പെട്ട ഇയാള്‍ പ്രതികാരമായാണ് സ്‌ഫോടനം നടത്തിയതെന്ന് അനധികൃതര്‍ അറിയിച്ചു. ഒരു ബാഗിലൊളിപ്പിച്ച ബോംബുമായാണ് ഇയാള്‍ എത്തിയത്. ഒരു വര്‍ഷം മുമ്പ് ജര്‍മനിയില്‍ എത്തിയ ഇയാള്‍ രണ്ട് തവണ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇയാളുടെ പേര് വിവരം പുറത്തുവിട്ടിട്ടില്ല.


ബവേറിയന്‍ ആഭ്യന്തരമന്ത്രി സംഭവസ്ഥലത്തെത്തി. ഒരാഴ്ചക്കിടെ ബവേറിയയില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.കഴിഞ്ഞ ദിവസം മ്യൂണിക്കിലെ ഒളിമ്പിയ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു. വൂര്‍സ്ബര്‍ഗില്‍ ഒരു ട്രെയിനില്‍ കഠാര ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയ സംഭവവും കഴിഞ്ഞ ആഴ്ചയിലാണ് നടന്നത്.