ലാഹോര്‍: ഭീകരവാദി നേതാവും മുംബൈ സ്‌ഫോടനത്തിന്‍റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയ്യിദ് പാക്കിസ്ഥാനില്‍ തന്‍റെ പൊളിറ്റിക്കല്‍ പാര്‍ട്ടിയായ മിലി മുസ്ലീം ലീഗിന്‍റെ ഓഫീസ് തുറന്നു. ലാഹോറില്‍ ഞായറാഴ്ചയാണ് ഹാഫിസ് സയ്യിദ് ഓഫീസ് തുറന്നതെന്നാണ് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 


അമേരിക്ക പത്ത് മില്യണ്‍ ഡോളര്‍ തലയ്ക്ക് വിലയിടുകയും ഐക്യരാഷ്ട്രസഭ കൊടും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ഭീകരവാദിയാണ് ഹാഫിസ് സയ്യിദ്. ലാഹോറിലെ നാഷണല്‍ അസംബ്ലി മണ്ഡലമായ എന്‍ എ 120 യിലെ വിവിധ സ്ഥലങ്ങളിലും ഫാഫിസ് സന്ദര്‍ശനം നടത്തിയതായും റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനില്‍ നിരോധിച്ച ലഷ്‌കര്‍ ഇ ത്വയിബയുടെ സ്ഥാപന്‍ കൂടിയാണ് ഹാഫിസ് സയ്യിദ്.  മിലി മുസ്ലീം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യുന്നതിനെ ഒക്ടോബറില്‍ പാക്കിസ്ഥാന്‍റെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധിയ്‌ക്കെതിരെ സയ്യിദ് ഇസ്ലാമബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. രാഷ്ട്രീയത്തില്‍ അക്രമവും തീവ്രവാദവും കലര്‍ത്തുമെന്ന് പാക്കിസ്ഥാന്‍റെ ആഭ്യന്തരമന്ത്രാലയം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.