കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗം വ്യാപിക്കുന്നത് തടയാന്‍ ആരോഗ്യവകുപ്പ് തീവ്രശ്രമങ്ങള്‍ നടത്തുന്നതിനിടെ  രോഗം ബാധിച്ച മൂന്നു പേർ ആശുപത്രിയിൽ നിന്നു ചാടിപ്പോയി. എംബൻഡക നഗരത്തിലെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്നുമാണ് രോഗികള്‍ ചാടിപ്പോയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗികളെ കണ്ടെത്തിയെങ്കിലും പിന്നീട് ഇവരില്‍ രണ്ടു പേർ മരിച്ചു. കോംഗോയിലേത് ‘ഉയർന്ന അപായ സാധ്യത’യുള്ള എബോളയെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ രോഗികള്‍ ആശുപത്രിയില്‍ നിന്ന് പുറത്ത് പോയത് അതീവ ഗൗരവമേറിയ വിഷയമാണെന്നാണ് വിലയിരുത്തല്‍. 


അസുഖം പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ സഹായത്തോടെയാണ് മൃതദേഹം സംസ്കരിച്ചത്. ഒരു നഴ്സ് ഉൾപ്പെടെ ഇതുവരെ 27 പേരാണ് എബോള ബാധിച്ച് കോംഗോയില്‍ മരിച്ചത്. 


2014-15 കാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്നുപിടിച്ചപ്പോൾ ഏകദേശം 11,000 പേരോളം  മരിച്ചിരുന്നു. അന്ന് ഗ്വിനിയ, സിയേറ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളിലും എബോള പടർന്ന് പിടിച്ചു. 


ഇതിനിടെ കോംഗോയിൽ എബോള വ്യാപിക്കുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. എബോളബാധ തടയാൻ വിദഗ്ധസംഘത്തെ മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. മാത്രമല്ല, പുതുതായി വികസിപ്പിച്ച എബോള വാക്സിന്‍റെ 4000 ഡോസ് മരുന്നും കോംഗോയിലെത്തിച്ചു.