വാഷിംഗ്‌ടണ്‍: ടെഹ്റാനില്‍ നിന്നും 176 യാത്രാക്കാരുമായി പറന്നുയര്‍ന്ന ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത് ഇറാന്‍റെ മിസൈല്‍ പതിച്ചാണെന്ന ആരോപണവുമായി എത്തിയ അമേരിക്കയ്ക്കു പുറമേ യുകെയും കാനഡയും രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇറാനാണ് ഉക്രൈന്‍ വിമാനത്തിന് മേല്‍ മിസൈല്‍ പതിച്ചതെന്ന് സാധൂകരിക്കുന്ന നിരവധി രഹസ്യ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.


വിമാനത്തില്‍ 63 കനേഡിയന്‍ സ്വദേശികളാണ് ഉണ്ടായിരുന്നത്. ഇത് മനഃപൂര്‍വ്വമായിരിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നിരുന്നാലും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും കനേഡിയന്‍ ജനതക്കും തനിക്കും ഇക്കാര്യത്തില്‍ ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും ട്രൂഡോ പറഞ്ഞു.


വിമാനം ഇറാന്‍ മിസൈല്‍ പതിച്ച് തകര്‍ന്ന് വീണതാണെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നതിന് പിന്നാലെയാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.


ട്രൂഡോയുടെ പ്രസ്താവനക്ക് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രംഗത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ അസ്വാഭാവികതയുണ്ടെന്നും അതേ സമയം മനഃപുര്‍വ്വമായിരിക്കാന്‍ സാധ്യതിയില്ലെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.


വിമാനം ഇറാന്‍ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് നേരത്തെതന്നെ യുഎസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. രണ്ട് മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇറാന്‍ നിഷേധിച്ചിരിക്കുകയാണ്. അപകടം അന്വേഷിക്കാന്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതായും ഇറാന്‍ അറിയിച്ചിട്ടുണ്ട്. 


മാത്രമല്ല ഉക്രൈന്‍ പ്രതിനിധി ഇപ്പോള്‍ ഇറാനിലുണ്ടെന്നും അവര്‍ക്ക് ബ്ലാക്ക് ബോക്‌സ് പരിശോധന നടത്താന്‍ അവസരം നല്‍കുമെന്നും അപകടത്തില്‍ മരിച്ച മറ്റു രാജ്യക്കാരുടെ പ്രതിനിധികളേയും സ്വാഗതം ചെയ്യുന്നുവെന്നും ഇറാന്‍ പറഞ്ഞു.


ബുധനാഴ്ച ടെഹ്‌റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‍റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണത്.


സാങ്കേതിക തകരാറാണ് വിമാനം തകര്‍ന്നു വീണതിനു പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.