വാഷിംഗ്‌ടണ്‍:  അമേരിക്കന്‍ പ്രസിഡന്‍റ്   തിരഞ്ഞെടുപ്പിന്  മുന്നോടിയായുള്ള അവസാന പൊതു സംവാദത്തിനൊരുങ്ങി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും  (Donald Trump) ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും (Joe Biden). 


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച ടെന്നിസിയിലെ നാഷ്‌വില്ലിലെ ബേല്‍മൗണ്ട് സര്‍വകലാശാലയില്‍ രാത്രി 9 മുതല്‍ 10.30 വരെയാണ് അവസാന സംവാദം നടക്കുക. 


നിരവധി  പ്രധാന വിഷയങ്ങള്‍ ഈ സംവാദത്തില്‍ ഉന്നയിക്കപ്പെടുമെന്നാണ് സൂചന.  കോവിഡിനെതിരായ പോരാട്ടം, അമേരിക്കന്‍ കുടുംബങ്ങള്‍, അമേരിക്കയിലെ വംശീയത, കാലാവസ്ഥാ വ്യതിയാനം, ദേശീയ സുരക്ഷ, നേതൃത്വം എന്നിങ്ങനെ ആറ് വിഷയങ്ങളിലാണ് സംവാദം. ഓരോ വിഷയത്തിനും 15 മിനുറ്റ് സമയമാണ് അനുവദിക്കുക. എന്‍ബിസി കറസ്‌പോണ്ടന്റ് ക്രിസ്‌റ്റെന്‍ വെല്‍ക്കറാണ് സംവാദം നയിക്കുക.


സംഘാടകരായ നിഷ്പക്ഷ കമീഷന്‍ സംവാദനിയമത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട് . കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്തുന്ന സംവാദത്തില്‍ മ്യൂട്ട് ബട്ടനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം സംവാദത്തില്‍ ഇരുവരും രൂക്ഷമായി ഏറ്റുമുട്ടുകയും ബൈഡന്‍റെ  സംസാരത്തിനടയ്ക്ക് കയറി ട്രംപ് സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റേയാള്‍ ഇടയ്ക്കു കയറി സംസാരം തടസപ്പെടുത്തുന്നത് തടയാനാണ് ഇക്കുറി മ്യൂട്ട് ബട്ടന്‍ ഉള്‍പ്പെടുത്തുന്നത്. ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റേയാളുടെ മൈക്ക് ഓഫാക്കും. 1976 മുതല്‍ എല്ലാ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പുകളിലും പൊതു സംവാദം നടത്താറുണ്ട്. 2000 മുതലാണ് മൂന്ന് സംവാദങ്ങള്‍ നടത്തപ്പെടുന്നത്.


സെപ്റ്റംബര്‍ 29ന് ഒഹായോയില്‍ നടന്ന ആദ്യ സംവാദത്തിനു പിന്നാലെ ഒക്ടോബര്‍ രണ്ടിന് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചികിത്സാ കാലയളവ് പൂര്‍ത്തിയാകാഞ്ഞതിനാല്‍ ഒക്ടോബര്‍ 15ലെ രണ്ടാം സംവാദം വെര്‍ച്വലായി നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വെര്‍ച്വല്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. പൂര്‍ണ രോഗമുക്തി നേടാതെ ട്രംപ് പങ്കെടുക്കുന്ന സംവാദത്തിനില്ലെന്ന് ബൈഡനും അറിയിച്ചതോടെ രണ്ടാമത്തെ സംവാദം ഒഴിവാക്കിയിരുന്നു. ഇതോടെയാണ് അവസാന സംവാദത്തിന് പ്രാധാന്യമേറിയത്.


ആദ്യ സംവാദത്തിന് ശേഷം  ദേശീയതലത്തില്‍ ബൈഡന്‍റെ ലീഡ് ട്രംപിനേക്കാള്‍  വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ അവസാന സംവാദത്തിലേക്കെത്തുമ്പോള്‍  14 സംസ്ഥാനങ്ങളിലെങ്കിലും ബൈഡന്‍റെ ലീഡ് ഇടിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍  അനിശ്ചിതത്വം നിലനിര്‍ത്തുന്ന സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പ് വിധിയില്‍ നിര്‍ണായകമാകുക.


പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് 14 ദിവസം ബാക്കി നില്‍ക്കെ സംസ്ഥാനങ്ങളില്‍ പ്രചാരണം ശക്തിയേറുകയാണ്.  ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഈ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇരു  ക്യാമ്പുകളുടെയും പ്രചാരണം നടക്കുന്നത്. കനത്ത പോരാട്ടം നടക്കുന്ന പെന്‍സില്‍വാനിയയില്‍ ഭാര്യ മെലനിയയുമൊത്താണ്  ട്രംപ് പ്രചാരണത്തിനെത്തിയത്.


Also read: 'മാസ്‌ക് ധരിക്കൂ, കൈകള്‍ കഴുകൂ, ട്രംപിനെ പുറത്താക്കൂ, പുതിയ മുദ്രാവാക്യവുമായി ജോ ബൈഡന്‍


2016ല്‍ ട്രംപിനെ പിന്തുണച്ച സംസ്ഥാനം ഇക്കുറി ഒപ്പം നില്‍ക്കുമെന്ന് ഉറപ്പില്ല. ജന്മനാട്ടില്‍ ജോ ബൈഡന്‍ 8 പോയിന്‍റെങ്കിലും മുന്നിലാണെന്നാണ് ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ട്രംപിനൊപ്പം നിന്ന തൊഴിലാളി വര്‍ഗത്തിന്‍റെ പിന്തുണ ഉറപ്പിക്കാനാണു ബൈഡന്‍റെ ശ്രമം.


വ്യാഴാഴ്ച നടക്കുന്ന അവസാന സ്ഥാനാര്‍ഥി സംവാദത്തിനുള്ള തയാറെടുപ്പിലാണ് ഇരു സ്ഥാനാര്‍ഥികളും.