വാഷിങ്ടൺ: ഉറി ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നയതന്ത്ര യുദ്ധം മുറുകുന്നതിനിടെ ആക്രമണത്തെ അപലപിച്ച് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസ്. ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി സൂസൻ റൈസ് ഇക്കാര്യം ഫോണിലൂടെ ചർച്ച ചെയ്തു. ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും  സൂസൻ റൈസ് ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളെ ഇല്ലായ്മ ചെയ്യാന്‍ പാക്കിസ്ഥാന്‍ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നതായി ദേശീയ സുരക്ഷാ സമിതി വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഭീകരവാദത്തിന് ഇരകളായ ലോകരാജ്യങ്ങള്‍ക്കു നീതി ഉറപ്പാക്കാനാണു യുഎസ് ശ്രമിക്കുന്നതെന്നും ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യയ്ക്കൊപ്പം എന്നും നിലകൊള്ളുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.


ആക്രമണത്തിൽ മരണപ്പെട്ട സൈനികരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും അവർ അറിയിച്ചു. തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ പ്രതിബദ്ധതയെ സൂസൻ റൈസ് പ്രശംസിച്ചു.