ന്യൂയോര്‍ക്ക്: യുഎസിലെ പാകിസ്ഥാന്‍റെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം. 40 വര്‍ഷമായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഹബീബ് ബാങ്ക് അടച്ചുപൂട്ടാനാണ് യുഎസ് ബാങ്കിങ് റെഗുലേറ്റര്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭീകരപ്രവര്‍ത്തനത്തിനുള്ള പണം, കള്ളപ്പണം വെളുപ്പിക്കല്‍ മറ്റ് അനധികൃത ഇടപാടുകള്‍ തുടങ്ങിയവ ഹബീബ് ബാങ്ക് വഴി നടന്നിട്ടുണ്ടെന്നുള്ള സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 1978 മുതല്‍ യുഎസില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ഹബീബ് ബാങ്ക്.


വിദേശ ബാങ്കുകളെ നിരീക്ഷിക്കുന്ന ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബാങ്കിനുമേല്‍ 225 മില്യണ്‍ യുഎസ് ഡോളര്‍ പിഴ ചുമത്തുകയും ചെയ്തു. ആദ്യം 629.6 മില്യണ്‍ യുഎസ് ഡോളര്‍ പിഴ ചുമത്താനായിരുന്നു തീരുമാനിച്ചിരുന്നത്.  അനധികൃത ഇടപാടുകള്‍ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി നടപടിക്രമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് 2006ല്‍ യുഎസ് ബാങ്കിങ് അധികൃതര്‍ ഹബീബ് ബാങ്കിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഭീകര സംഘടനയായ അല്‍ ഖായിദയുമായി ബന്ധമുള്ള സൗദി അറേബ്യയിലെ സ്വകാര്യ ബാങ്ക് അല്‍ രാജ്ഹി ബാങ്കുമായി ബില്യണ്‍ കണക്കിന് യുഎസ് ഡോളറിന്‍റെ ഇടപാടുകള്‍ ഹബീബ് ബാങ്ക് നടത്തിയിട്ടുണ്ട്. ഇവ കള്ളപ്പണം വെളുപ്പിക്കാനോ ഭീകരവാദത്തിനോ ഉപയോഗിച്ചിട്ടില്ലെന്നു ഉറപ്പാക്കാന്‍ ബാങ്കിനു കഴിഞ്ഞിട്ടില്ല. കൃത്യമായി പരിശോധന നടത്താതെ കുറഞ്ഞത് 13,000 ഇടപാടുകള്‍ ബാങ്ക് നടത്തിയിട്ടുണ്ടെന്നാണ് വിവരം.