ന്യൂയോര്‍ക്ക്: അമേരിക്കൻ വിദേശ നയവും സാമ്പത്തിക വ്യവസ്ഥയും ചർച്ച ചെയ്ത് ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലരി ക്ലിന്‍റന്‍റെയും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്‍റെയും ആദ്യ പ്രസിഡന്‍റ് സംവാദം ഇന്ത്യന്‍ സമയം രാവിലെ 6.30യ്ക്ക് ആരംഭിച്ചപ്പോള്‍ അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന സംവാദമായി ഹിലരി ട്രംപ് പോരാട്ടം മാറി കഴിഞ്ഞു.  ചിരിച്ച് ഹസ്തദാനം നടത്തിയതിന് ശേഷം തുടങ്ങിയ സംവാദത്തിൽ ഇരുവരും പരസ്പരം കൊമ്പുകോർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ സംവാദം പരസ്പരം പ്രകോപിപ്പിച്ച്‌ മുന്നേറാനാണ് ആദ്യം മുതല്‍ രണ്ടു സ്ഥാനാര്‍ത്ഥികളും ശ്രമിച്ചത് എന്നാല്‍ ട്രംപിന്‍റെ ആരോപണങ്ങളെ ചിരിച്ചു കൊണ്ട് നേരിടുകയാണ് ഹിലരി. ഹിലരി സംസാരിക്കുന്നതിനിടയില്‍ കയറി സംസാരിക്കാനും ട്രംപ് ശ്രമം നടത്തി.


രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു സംവാദത്തില്‍ ആദ്യം ഉയര്‍ന്ന ചോദ്യം. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ ജനതയുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുത്തു ഇതു തടയാനുള്ള നടപടികള്‍ സ്വീകരിക്കും.


നികുതി ഇളവും നികുതി വര്‍ധനവും സംബന്ധിച്ച ചോദ്യം ഉയര്‍ന്നപ്പോള്‍ വര്‍ഷങ്ങളായി നികുതി അടക്കാതെ ട്രംപ് വെട്ടിപ്പ് നടത്തുന്നു എന്ന് ഹിലരി പറഞ്ഞു. എന്നാല്‍, താന്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഹിലരി ഡിലീറ്റ് ചെയ്ത 33,000 ഇ-മെയിലുകള്‍ പുറത്തുവിട്ടാല്‍ തന്റെ നികുതി വിവരങ്ങള്‍ പുറത്തുവിടാമെന്നും ട്രംപ് തിരിച്ചടിച്ചു. 


ഇ-മെയിലിന്‍റെ കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നും അതിന്‍റെ ഉത്തരാവദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ഹിലരി പറഞ്ഞു. എന്നാല്‍, ധനികല്ലെന്നും ദാനശീലനാണെന്നും അവകാശപ്പെടുന്ന ട്രംപ് എന്തിനാണ് നികുതിയില്‍ ഒളിച്ചുകളി നടത്തുന്നതെന്ന് ഹിലരി ചോദിച്ചു.


ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കൻ ജനതയുടെ തൊഴിലവസരങ്ങൾ തട്ടിയെടുക്കുന്നു. ഇതു തടയാനുള്ള നടപടികൾ സ്വീകരിക്കും. നികുതി ഇളവ് നൽകി വലിയ കമ്പനികളെ രാജ്യത്തിനു പുറത്തേക്കുകൊണ്ടുപോകുന്നത് തടയുെമന്നും ട്രംപ് പ്രതികരിച്ചു. എന്നാൽ പണക്കാരനെയും പാവപ്പെട്ടവനെയും തുല്യരായി പരിഗണിക്കുന്ന സമ്പദ് വ്യവസ്ഥയാണ് സ്വപ്നമെന്നായിരുന്നു ഹിലരിയുടെ മറുപടി. 


സ്ത്രീകൾക്ക് തുല്യ വേതനം, അടിസ്ഥാന വേതനത്തിൽ വർധന എന്നിവയാണ് സ്വപ്നം. താന്‍ സാധരണക്കാര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാല്‍, ട്രംപാകട്ടെ പണക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഹിലരി പറഞ്ഞു.


90 മിനിറ്റാണ് സംവാദ സമയം. എന്‍ബിസി അവതാരകന്‍ ലെസ്റ്റര്‍ ഹോള്‍ട്ട് ആണ് മോഡറേറ്റര്‍. നവംബര്‍ എട്ടിലെ തിരഞ്ഞെടുപ്പിന് മുന്‍പായി അടുത്ത മാസം 9നും 16നും ഇരുവരും വീണ്ടും ഏറ്റുമുട്ടും.