Mahashivaratri 2021: ഇന്ന് മഹാ ശിവരാത്രി, വ്രതം അനുഷ്ഠിച്ചോളൂ ഉത്തമ ഫലം നിശ്ചയം
സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം.
ഇന്ന് മഹാശിവരാത്രി.. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ് വരാറ്.
സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി (Mahashivaratri 2021) വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് മറ്റ് വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാല്‍ സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്ന് പറയുന്നത്.
ഭക്തിയോടുകൂടിയുള്ള വ്രതാനുഷ്ഠാനം അവനവന് മാത്രമല്ല ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമമാണ്. കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ഈ വ്രതാനുഷ്ഠാനം. ഈ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.
വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസമിരിക്കുന്നതും ഉറക്കമിളയ്ക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളാണ്. ശിവരാത്രിയിലെ 'രാത്രി' സൂചിപ്പിക്കുന്നത് 'അജ്ഞാന അന്ധകാര'ത്തെയാണ്. മനുഷ്യ മനസ്സുകളിലെ അജ്ഞാനത്തിന്റെ അന്ധകാരം നിറയുന്ന സമയത്തെയാണ്.
Also Read: Mahashivratri 2021: ശിവരാത്രി നാളിൽ മഹാദേവനെ ആരാധിച്ചാലുള്ള ഗുണങ്ങൾ അറിയാം
ഈ അജ്ഞാനമാകുന്ന നിദ്രയില്‍നിന്നും ഉണരുന്നവരാണ് സ്വയം ആത്മാവാണെന്ന സത്യത്തിലേക്ക് ബുദ്ധിയെ ഉണര്‍ത്തുന്നവര്‍. ആരാണ് ഉണര്‍ന്നിരിക്കുന്നത് അവരുടെ പാപം നശിക്കുന്നു എന്നതാണ് ശിവരാത്രി വ്രതത്തിന്‍റെ പ്രാധാന്യമായി പറയപ്പെടുന്നത്.
ശിവരാത്രിയ്ക്ക് പിന്നില്‍ ഒരുപാട് കഥകള്‍ ഉണ്ട്. അതില്‍ പ്രധാനം പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തുവെന്നതാണ്. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്‍റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും എന്നാല്‍ വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു.
അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും അങ്ങനെ ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് നമ്മള്‍ ശിവരാത്രിയായി ആചരിക്കുന്നത്.
തലേന്ന് ഒരിക്കലോടെയാണ് വിശ്വാസികള്‍ വ്രതം ആരംഭിക്കുന്നത്. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി "ഓം നമശിവായ" ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദർശനം നടത്തണം. ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത്.
അതിനു സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ്. അന്നേദിവസം ശിവപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ദാനം അതും അന്നദാനമാണെങ്കിൽ അത്യുത്തമം.
ഭഗവാന്‍റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് പാരണ വിടാം.
ശിവരാത്രി ദിനത്തിൽ കഴിയുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രജപം ജപിക്കുന്നത് സകല പാപങ്ങളും കഴുകിക്കളഞ്ഞു മനസ് ശുദ്ധമാക്കും. ശിവ പഞ്ചാക്ഷരസ്തോത്രം, ബില്വാഷ്‌ടകം, ശിവാഷ്ടകം, ശിവസഹസ്രനാമം, ശിവപുരാണപാരായണം, ഉമാമഹേശ്വരസ്‌തോത്രം, പഞ്ചാക്ഷരീ മന്ത്രം എന്നിവ ഭക്തിപൂർവം ചൊല്ലുക.
Also Read: പാപശമനത്തിനായി ശിവമന്ത്രമായ സർവ്വ പാപ നിവാരണ മന്ത്രം ജപിക്കുന്നത് ഉത്തമം
ലോകൈകനാഥനായ മഹാദേവനെ തികഞ്ഞ ഭക്തിയോടെ പ്രാർഥിക്കുന്നവര്‍ക്ക് ഉത്തമഫലം സുനിശ്ചിതമാണ്. സൂര്യോദയത്തിനുമുന്നെ കുളികഴിഞ്ഞു നിലവിളക്കു തെളിച്ചു ഗായത്രിമന്ത്രം ജപിക്കുന്നതിനോടൊപ്പം ശിവ ഗായത്രി ജപിക്കുന്നത് നന്ന്.
ക്ഷപ്രകോപിയയായ ഭഗവാനെ ശാന്തസ്വരൂപനാക്കുന്നതിന് ശിവാഷ്ടകം ജപിക്കാം. ശിവാഷ്ടകം നിത്യേന ജപിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധിയെല്ലാം നീങ്ങി സുഗമമായി മുന്നോട്ടു പോവാൻ ഉത്തമമാണ്.
ശിവനും ശക്തിയും ഒന്നാണ്. ശക്തിസ്വരൂപിണിയായ ഭഗവതിയില്ലെങ്കിൽ ശിവനില്ല എന്നാണ് പുരാണസങ്കല്പം. അതുകൊണ്ടുതന്നെ വിവാഹതടസ്സം, ദാമ്പത്യ ക്ലേശങ്ങള്‍ എന്നിവ മാറാൻ ഉമാ മഹേശ്വര സ്തോത്രം ഭജിക്കുന്നത് ഉത്തമമാണ്.
ശിവരാത്രിദിനത്തിൽ ക്ഷേത്രത്തിൽ കൂവളത്തില പൂജയ്ക്കായി സമർപ്പിച്ച് ബില്ല്വാഷ്ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടിഫലം നല്‍കും. ശിവരാത്രി ദിനത്തിൽ സമർപ്പിക്കുന്ന വഴിപാടുകൾ അതീവഫലദായകമാണ്. കൂവളത്തില സമർപ്പണമാണ് ഇതില്‍ ഏറ്റവും പ്രധാനം.
ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്‍റെ അന്നും കൂവളത്തില പറിക്കരുത്. ശനിയാഴ്ചയെ പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കാവുന്നതാണ്. കൂവളത്തില വാടിയാലും അതിന്‍റെ വിശിഷ്ടത നഷ്പ്പെടുകയില്ല. ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്.
പിൻവിളക്ക്, ജലധാര എന്നിവയും സമർപ്പിക്കാവുന്നതാണ്. ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. ദാമ്പത്യദുരിതദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക.
സ്വയംവര പുഷ്‌പാഞ്‌ജലി സമർപ്പിക്കുന്നത് വിവാഹതടസ്സം നീങ്ങാൻ സഹായകമാണ്. ശിവരാത്രി ദിനത്തിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്ക്കരിക്കുന്നതും നന്ന്.
Also Read: Pradosh Vrat 2021: ശിവപ്രീതിക്കായി പ്രദോഷവ്രതം ഉത്തമം
ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു.
സര്‍വപാപഹരവും, സര്‍വാഭീഷ്ടപ്രദവും, സര്‍വൈശ്വര്യകരവുമാണ് ശിവരാത്രി വ്രതം. ശിവാരാധനയ്ക്ക് ഏറ്റവും ഉചിതമായ ദിവസവും ഇത് തന്നെയാണ്. ഏവര്‍ക്കും സീ ഹിന്ദുസ്ഥാന്‍ മലയാളം ടീമിന്റെ ഭക്തിപൂര്‍ണ്ണമായ ശിവരാത്രി ആശംസകള്‍...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക