തിരുവനന്തപുരം/കൊച്ചി: അല്‍ഫോന്‍സ് കണ്ണന്താനത്തെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. കേരളത്തില്‍ ഉള്‍പ്പെടെ ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ ബിഷപ് ഹൗസ് സന്ദര്‍ശിച്ചതും മറ്റും ഈ നീക്കത്തോട് ചേര്‍ത്ത് വായിക്കപ്പെടുന്ന കാര്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവില്‍ ബിജെപിയുടെ ഒരു ഭാരവാഹിത്വവും ഇല്ലാത്ത ആളാണ് അല്‍ഫോന്‍സ് കണ്ണന്താനം. മുന്‍ കേന്ദ്രമന്ത്രി എന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പദവി. കോര്‍ കമ്മിറ്റിയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരും നിലവിലെ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും ആണ് സാധാരണ ഗതിയില്‍ ഉണ്ടാകാറുള്ളത്. എന്നാല്‍, ആ പതിവ് തെറ്റിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണനെ  കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.


ക്രൈസ്തവ പ്രാതിനിധ്യത്തിന് വേണ്ടിയാണ് അല്‍ഫോന്‍സ് കണ്ണന്താനത്തെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോര്‍ജ് കുര്യന്‍ നിലവില്‍ കോര്‍ കമ്മിറ്റിയില്‍ ഉള്ള ആളാണ്. അല്‍ഫോന്‍സിന്റെ വരവോടെ കോര്‍ കമ്മിറ്റിയില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം രണ്ടായി ഉയര്‍ന്നു. ദേശീയ ഉപാധ്യക്ഷനായി എപി അബ്ദുള്ളക്കുട്ടിയുണ്ടെങ്കിലും അദ്ദേഹത്തെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.


Read Also: 'ആ പയ്യൻ മോശം വീഡിയോ അയച്ചു, അവൾ അത്തരക്കാരിയല്ല'; മർദ്ദനമേറ്റ യുവാവിനെതിരെ യുവതിയുടെ അമ്മ


2022 ഒക്ടോബറില്‍ ഇതുപോലെ മറ്റൊരു വാര്‍ത്തയും വലിയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സിനിമ താരവും രാജ്യസഭ മുന്‍ എംപിയും ആയ സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി എന്നതായിരുന്നു ആ വാര്‍ത്ത. കേരളത്തിലെ ബിജെപിയില്‍ സുരേഷ് ഗോപിയ്ക്ക് നിര്‍ണായക പദവി നല്‍കുന്നതിന്റെ ആദ്യഘട്ടമായിട്ടാണ് കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് എന്നായിരുന്നു അന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയത്. പാര്‍ട്ടി ഭാരവാഹിത്വമൊന്നും ഇല്ലാത്ത ഘട്ടത്തില്‍ താരത്തെ കോര്‍ കമ്മിറ്റിയില്‍ എടുത്തു എന്ന വാര്‍ത്ത സ്വാഭാവികമായും ഇത്തരമൊരു വിലയിരുത്തലിലേക്ക് നയിക്കുകയും ചെയ്തു. കേരളത്തിലെ ബിജെപിയില്‍ ഏറ്റവും അധികം ജനങ്ങളെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള നേതാവ് ആരെന്ന് ചോദിച്ചാല്‍, അതിന്റെ ഉത്തരവും സുരേഷ് ഗോപി എന്ന് തന്നെ ആയിരിക്കും.


എന്നാല്‍, പിന്നീടങ്ങോട്ട് ഈ കോര്‍ കമ്മിറ്റി അംഗത്വത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത് കോര്‍ കമ്മിറ്റിയില്‍ 13 പേരുണ്ട് എന്നാണ്. എന്നാല്‍ പട്ടികയിലും സുരേഷ് ഗോപിയുടെ പേരില്ല. പാര്‍ട്ടി പദവികള്‍ സ്വീകരിക്കാന്‍ മുമ്പേ വിമുഖത കാണിച്ചിരുന്ന ആളായിരുന്നു സുരേഷ് ഗോപി. കേന്ദ്ര നേതൃത്വം ഇത്തവണ കടുത്ത സമ്മര്‍ദ്ദമുയര്‍ത്തി എന്നൊക്കെയും വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും പിന്നീടങ്ങോട്ട് 'കോര്‍ കമ്മിറ്റി' അംഗമായ സുരേഷ് ഗോപിയെ കുറിച്ച് അധികമാരും കേട്ടിട്ടില്ല.


Read Also: കുവൈത്തിൽ അഞ്ച് ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു


അന്നത്തെ അതേ കീഴ് വഴക്കത്തിലാണ് ഇപ്പോള്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുമ്പ് ഇടതുപക്ഷത്തിന്റെ ഭാഗമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എംഎല്‍എ ആയ ചരിത്രമുള്ള ആളാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അല്‍ഫോന്‍സ് കണ്ണന്താനം. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കണ്ണന്താനം ആയിരുന്നു. 1.3 ലക്ഷം വോട്ടുകള്‍  ആ തിരഞ്ഞെടുപ്പില്‍ സമാഹരിക്കാന്‍ ആയി എന്നത് അദ്ദേഹത്തെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. 


അൽഫോൻസ് കണ്ണന്താനത്തെ കൂടി മുന്നിൽ നിർത്തി 2024 ലെ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. നേരത്തേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കണ്ണന്താനത്തിന് ചുമതല നൽകിയിരുന്നു. അന്ന് കണ്ണന്താനത്തിന്റെ പ്രവർത്തനങ്ങൾ ദേശീയ നേതൃത്വത്തിന് ബോധിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിൽ നിന്ന് ഒരു കൂട്ടത്തെ എങ്കിലും ആകർഷിച്ചുനിർത്താൻ ബിജെപി നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. ആ സാഹചര്യം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന് കണ്ടറിയാം. 


കേരളത്തിൽ ഏത് മണ്ഡലത്തിൽ മത്സരിച്ചാലും മിനിമം വോട്ട് ഉറപ്പുള്ള നേതാവാണ് സുരേഷ് ഗോപി. എന്നാൽ പാർട്ടി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹം വിമുഖത കാണിക്കുന്നത് ദേശീയ നേതൃത്വത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. അൽഫോൻസ് കണ്ണന്താനത്തിന്റെ കാര്യത്തിൽ അങ്ങനെ ഒരു പ്രശ്നം ഇതുവരെയില്ല. കേരളത്തിലെ പാർട്ടി നേതൃത്വവുമായി ഒത്തുപോകാൻ ആകാത്തതിന്റെ പ്രശ്നങ്ങൾ സുരേഷ് ഗോപിയ്ക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്. അത്തരം ഒരു അവസ്ഥയിലേക്ക് അൽഫോൻസ് കണ്ണന്താനവും എത്തുമോ എന്നാണ് ഇനി അറിയേണ്ടത്. കേരളത്തിലെ നേതാക്കളെ പരിഗണിക്കാതെ, ഒന്നാം മോദി സർക്കാർ കാലത്ത് അൽഫോൻസിനെ കേന്ദ്ര സഹമന്ത്രിയാക്കിയതിൽ കേരളത്തിലെ നേതാക്കൾക്ക് വലിയ എതിർപ്പുണ്ടായിരുന്നു എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.