കാഴ്ചയിലും കേള്‍വിയിലും ക്യാന്‍സറിന്‍റെ ലോകത്ത് ജീവിക്കുന്ന ഓരോരുത്തര്‍ക്കും പ്രചോദനമായി ക്യാന്‍സറിനെ സുന്ദരമായി കീഴടക്കിയ മൂന്ന് വനിതകള്‍!! 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യാന്‍സര്‍ പോരാട്ടത്തില്‍  പൊരുതി വിജയം നേടിയ ഇവരുടെ അനുഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നതോടൊപ്പം അനേകര്‍ക്ക്‌ പ്രചോദനവുമായിരിയ്ക്കുകയാണ്.


''I got Cancer... Cancer didn't get me''


രണ്ട് തവണ തന്‍റെ ജീവിതത്തിലേക്ക് കടന്നുവന്ന ക്യാന്‍സറിനെ തോല്‍പ്പിച്ച തെന്നിന്ത്യന്‍ ചലച്ചിത്ര താരം മംമ്ത മോഹന്‍ദാസ്‌ ഈ ക്യാന്‍സര്‍ ദിനത്തെ വരവേറ്റത് ഒരു ചലഞ്ചിലൂടെയായിരുന്നു. 


സമൂഹ മാധ്യമങ്ങളില്‍ ഏറെ വ്യാപകമായി പ്രചരിക്കുന്ന 10 ഇയര്‍ ചലഞ്ചാണ് ക്യാന്‍സര്‍ ദിനത്തില്‍ മംമ്ത ഏറ്റെടുത്തത്.  പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്യാന്‍സറിന്‍റെ പിടിയില്‍പ്പെട്ടപ്പോള്‍ മ൦മതയ്ക്ക് ചികിത്സയുടെ ഭാഗമായി  തന്‍റെ സുന്ദരമായ മുടി നഷ്ടപ്പെട്ടിരുന്നു.  


മുടി നഷ്ടപ്പെട്ട അവസ്ഥയിലുള്ള 2009ലെ ചിത്രത്തിനൊപ്പം ഇപ്പോഴുള്ള ചിത്രവും താരം തന്‍റെ ഫേസ്ബൂക്കിലൂടെ പങ്ക് വെച്ചിരുന്നു. 



'ഇന്ന് ലോക ക്യാന്‍സര്‍ ദിനം. എന്‍റെ 10 ഇയര്‍ ചലഞ്ചിന്‍റെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ഈ ദിവസം വരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് ക്യാന്‍സര്‍ കിട്ടി, പക്ഷേ ക്യാന്‍സറിന് എന്നെ കിട്ടിയില്ല. എന്‍റെ ജീവിതം മാറ്റിമറിച്ച വര്‍ഷമാണ് 2009. എനിക്കും എന്‍റെ കുടുംബത്തിനുമുണ്ടായിരുന്ന എല്ലാ പദ്ധതികളും മാറിമറിഞ്ഞ വര്‍ഷം. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഈ കാലമത്രയും ഞാന്‍ ശക്തമായി പോരാടുകയായിരുന്നുവെന്ന് മനസിലാകുന്നു. ധൈര്യപൂര്‍വ്വം നേരിട്ട് അതിജീവിക്കുകയായിരുന്നു. ശുഭാപ്തി വിശ്വാസത്തോടെ ഇത്രയും വര്‍ഷം മുന്നോട്ട് പോകുന്നത് പ്രയാസമേറിയതായിരുന്നു. എന്നാല്‍ എനിക്കതിന് സാധിച്ചു. അതിന് കാരണം കുറച്ചുപേരാണ്. ആദ്യമായി ഞാനെന്‍റെ അച്ഛനോടും അമ്മയോടും നന്ദിപറയുന്നു. സഹോദരസ്‌നേഹം തന്ന എന്‍റെ ചില കസിന്‍സ്, ഞാന്‍ ശരിക്കും ആരോഗ്യവതിയാണോ അതോ അഭിനയിക്കുകയാണോ എന്ന് നിരന്തരം അന്വേഷിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കള്‍, എനിക്കൊപ്പം നിന്ന സഹപ്രവര്‍ത്തകര്‍. അവര്‍ എനിക്ക് തന്നെ അവസരങ്ങള്‍. എല്ലാം ഈ സമയം ഞാന്‍ ഓര്‍ക്കുന്നു- മംമ്ത കുറിച്ചു.


 


''Today is my day''


സ്തനാര്‍ബുദ ശസ്ത്രക്രിയയുടെ പാടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചാണ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനെയുടെ പത്നി താഹിറ കശ്യപ് തന്‍റെ ക്യാന്‍സര്‍ പോരാട്ടത്തെ വിശദീകരിച്ചത്. 


അര്‍ബുദ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താഹിറ ശസ്ത്രക്രിയ അടയാളത്തിന്‍റെ ചിത്രവും അര്‍ബുദ പോരാട്ട അനുഭവങ്ങളും പങ്കുവെച്ചത്.


'നിങ്ങള്‍ സ്വയം ഉള്‍ക്കൊള്ളുന്നതിലൂടെയാണ് സന്തോഷം ഉണ്ടാവുന്നത്. ഈ പോരാട്ടം എനിക്ക് കഠിനമായിരുന്നു. ഈ ചിത്രത്തിലൂടെ എനിക്ക് ആഘോഷിക്കേണ്ടത് രോഗത്തെയല്ല, അതിനെ അതിജീവിക്കാന്‍ ഞാന്‍ ആര്‍ജ്ജിച്ച ആര്‍ജവത്തെയാണ്,' ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് താഹിറ കുറിച്ചു. 



'ആ അടയാളങ്ങള്‍ മനോഹരമാണ്. നീ പുതിയ വഴി കാണിച്ചവളാണ്. അര്‍ബുദം ഉണ്ടെന്ന് അറിയുമ്പോള്‍ തളര്‍ന്ന് പോകുന്ന ലക്ഷക്കണക്കിന് പേരെ നീ പ്രചോദിപ്പിക്കുന്നു' താഹിറയുടെ പോസ്റ്റിന് ഭര്‍ത്താവ് ആയുഷ്മാന്‍ ഖുറാന്ന കമന്‍റ് ചെയ്തു.


കഴിഞ്ഞ വര്‍ഷമാണ് താന്‍ സ്തനാര്‍ബുദ ചികിത്സയിലാണെന്ന കാര്യം താഹിറ ഇന്‍സ്റ്റഗ്രമിലൂടെ പുറംലോകത്തെ അറിയിച്ചത്. ചികിത്സ സംബന്ധിച്ച എല്ലാ വിവരങ്ങളും താഹിറ കശ്യപ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. 


അര്‍ബുദ രോഗികള്‍ പ്രചോദനമാകുന്ന ഒട്ടേറെ പോസ്റ്റുകളും ചിത്രങ്ങളും താഹിറ തന്‍റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ പങ്ക് വെയ്ക്കാറുണ്ട്.


 


"Never giving up, no matter what"


ജാഗ്രതയോടെ ക്യാന്‍സറിനെ എങ്ങനെ നേരിടാം എന്ന സന്ദേശത്തിലൂടെയാണ് ബോളിവുഡ് താരം സോണാലി ബേന്ദ്ര ക്യാന്‍സര്‍ ദിനത്തെ വരവേറ്റത്. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി മാസങ്ങളായി സോണാലി ന്യൂയോര്‍ക്കിലായിരുന്നു.


ക്യാന്‍സര്‍ ഒരു വല്ലാത്ത സംഭവമാണെന്ന് ആരാണ് വിചാരിച്ചത്? പക്ഷെ അതൊരു സംഭവമാണ്. 'C' എന്ന വാക്കു തന്നെ കേള്‍ക്കുന്നത് ചിലര്‍ക്കെങ്കിലും ഭയമാണ്.  ആ ഭയമാണ് ക്യാന്‍സറിനെ പറ്റി സംസാരിക്കുന്നതില്‍ നിന്നും പിന്നിലേക്ക് വലിക്കുന്നതും. എന്നാല്‍ ഈ ദിവസം അതിനു ധൈര്യം നല്‍കും- സോണാലി കുറിച്ചു.



തുടക്കത്തില്‍ താനും ഈ രോഗത്തെ ഭയപ്പെട്ടിരുന്നെന്നും എന്നാല്‍, അത് തനിക്ക് യാതൊരു വിധ സഹായവും ചെയ്യുന്നില്ലെന്ന് കണ്ടെത്തിയതോടെ ആ ഭയത്തെ നേരിട്ടെന്നും സോണാലി വ്യക്തമാക്കുന്നു. 


ക്യാന്‍സറിനു ആവശ്യം പോരാളികളെയോ അതിജീവിച്ചവരെയോ അല്ലെന്നും ക്യാന്‍സറിനു വേണ്ടത് ബോധവത്കരണവും ജീവിതവുമാണെന്നും സോണാലി പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് തന്‍റെ രോഗത്തെക്കുറിച്ച്  സോണാലി പുറം ലോകത്തെ അറിയിച്ചത്.