ന്യൂഡല്‍ഹി: 1984ല്‍ ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ പ്രതികരണവുമായി മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവും അതിലുപരി സിഖ് സമുദായക്കാരനുമായ ഡോ. മന്‍മോഹന്‍ സിംഗ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1984ല്‍ ഡല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്നായിരുന്നു മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടത്. 


മുന്‍ പ്രധാനമന്ത്രി ഐ. കെ. ഗുജ്‌റാളിന്‍റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബുധനാഴ്ച രാജ്യ തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 


'അന്ന് വൈകുന്നേരം അന്നത്തെ ആഭ്യന്തരമന്ത്രി നരസിംഹറാവുവിന്‍റെ അടുത്തേക്ക് ഗുജ്‌റാള്‍ പോയി. സ്ഥിതിഗതികള്‍ വളരെ ഗൗരവമുള്ളതാണ്, സൈന്യത്തെ വേഗത്തില്‍ വിളിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ആ ഉപദേശം ശ്രദ്ധിച്ചിരുന്നെങ്കില്‍ 1984 ലെ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു', മന്‍മോഹന്‍ സിംഗ് പറഞ്ഞു.


1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വധിക്കപ്പെടുമ്പോള്‍ നരസിംഹ റാവു ആയിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. ഇന്ദിരാഗാന്ധി സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് 
പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 3,000ല്‍ അധികം സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു. 


സിഖ് സമുദായത്തെ ലക്ഷ്യമിട്ട് നടത്തിയ കലാപത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായിരുന്നു.


അതേസമയം, മന്‍ മോഹന്‍സിംഗിന്‍റെ പ്രസ്താവനയെ എതിര്‍ത്ത് നരസിംഹ റാവുവിന്‍റെ കുടുംബം രംഗത്തെത്തി. മന്‍മോഹന്‍സിംഗിന്‍റെ പ്രതികരണം ഞെട്ടിയ്ക്കുന്നതാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും അവര്‍ പ്രതികരിച്ചു.