മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുമായി ഇടഞ്ഞതുമുതല്‍ കരുത്തു കാട്ടാനുള്ള ശ്രമത്തിലാണ് ശിവസേന


COMMERCIAL BREAK
SCROLL TO CONTINUE READING

അധികാരം പങ്കിടല്‍ പിളര്‍പ്പില്‍ കലാശിച്ചപ്പോള്‍ മുതല്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള വഴികള്‍ ആലോചിക്കുകയാണ് ശിവസേന. പാര്‍ട്ടി വക്താവ് സഞ്ജയ്‌ റൗത് ഇത് സംബന്ധിച്ച വ്യക്തമായ സൂചന നല്‍കുകയും ചെയ്തിരിക്കുകയാണ്. 


മഹാരാഷ്ട്ര മോഡല്‍ രാഷ്ട്രീയക്കളി ഗോവയിലും പരീക്ഷിക്കാനാണ് ശിവസേനയുടെ നീക്കം. ഗോവയിലും സമാനമായ രീതിയില്‍ രാഷ്ട്രീയ പുനരേകീകരണത്തിന് സാധ്യത തെളിയുകയാണെന്ന് ശിവസേന അദ്ദേഹം വെളിപ്പെടുത്തി.


ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ശിവസേനയുമായി സഖ്യമുണ്ടാക്കുകയാണെന്നാണ് സഞ്ജയ്‌ റൗത് വ്യക്തമാക്കിയിരിക്കുന്നത്. വൈകാതെ ഒരു അത്ഭുതം, മിക്കവാറും ഒരു രാഷ്ട്രീയ ഭൂകമ്പം തന്നെ നടന്നേക്കുമെന്ന്‍ അദ്ദേഹം പറഞ്ഞു.


"ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി അദ്ധ്യക്ഷനും മുന്‍ ഉപമുഖ്യമന്ത്രിയുമായ വിജയ് സര്‍ദേശായി ഞങ്ങളുമായി ബന്ധപ്പെട്ടു. കുറഞ്ഞത് 4 എംഎല്‍എമാരുമായി ആശയവിനിമയം നടന്നുവരുകയാണ്. പുതിയൊരു രാഷ്ട്രീയ ചേരി ഗോവയില്‍ വൈകാതെ രൂപംകൊള്ളും. മഹാരാഷ്ട്രയില്‍ സംഭവിച്ചതുപോലെ. ഗോവയിലും സമീപഭാവിയില്‍ ഒരു അത്ഭുതം പ്രതീക്ഷിക്കാം", സഞ്ജയ്‌ റൗത് പറഞ്ഞു.


ഇത് ഒരു തുടക്കം മാത്രമെന്ന് സൂചിപ്പിച്ച അദ്ദേഹം, ഇന്ത്യ മുഴുവന്‍ ഒരു ബിജെപി വിരുദ്ധ മഹാ രാഷ്ട്രീയ മുന്നണിയുണ്ടാക്കുമെന്ന സൂചനയാണ് നല്‍കിയത്. ബിജെപി വിരുദ്ധ ചേരി മറ്റ് സംസ്ഥാനങ്ങളിലും ശാക്തികചേരിയായി മാറും. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഗോവ. അതിന് ശേഷം മറ്റ് സംസ്ഥാനങ്ങള്‍, അദ്ദേഹം പറഞ്ഞു.


അതേസമയം,  ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ശിവസേനയുമായി സഖ്യമുണ്ടാക്കിയാലും ബിജെപിക്ക് തത്കാലം ഭീഷണിയില്ല. കോണ്‍ഗ്രസും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും പിളര്‍ത്തി അംഗബലം വര്‍ധിപ്പിച്ച ബിജെപിക്ക് സഭയില്‍ 27 അംഗങ്ങളുണ്ട്‌.
 എന്തായാലും, ശിവസേനയുടെ "ലക്ഷ്യം" ബിജെപി ദേശീയ നേത്രുത്വതിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടിയിരുന്നില്ല എന്നത് തന്നെയാണ് അതിന് കാരണം.
 2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 13 സീറ്റും, കോണ്‍ഗ്രസിന് 17 സീറ്റുമാണ് ലഭിച്ചത്. എന്നാല്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെയാണ് ക്ഷണിച്ചത്. പിന്നീട് കോണ്‍ഗ്രസില്‍ നടന്ന വന്‍ കൂറുമാറ്റമാണ് ഗോവയില്‍ ബിജെപിയ്ക്ക് ഭൂരിപക്ഷം നേടാന്‍ സഹായകമായത്. കോണ്‍ഗ്രസിന്‍റെ 10 അംഗങ്ങളാണ് ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നത്‌. 


മഹാരാഷ്ട്രയില്‍ അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ശിവസേനയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. സംസ്ഥാനത്തെന്നപോലെ ദേശീയ രാഷ്ട്രീയത്തിലും മാറ്റത്തിന് ചുക്കാന്‍ പിടിയ്ക്കാന്‍ ഒരുങ്ങുകയാണ് ശിവസേന... 


Also Read: ഗോവ ലക്ഷ്യമിട്ട് ശിവസേന?