ന്യൂഡൽഹി: ​ബാബരി മസ്​ജിദ്​ തർക്കത്തിന്​ കോടതിക്ക്​ പുറത്ത്​ സമവായമാകാം എന്ന തീരുമാനം സ്വാഗതാർഹമെന്ന്​ ബി.ജെ.പി. ഒത്തുതീര്‍പ്പു ശ്രമം ഫലം കണ്ടില്ലെങ്കില്‍ കേസ് വീണ്ടും പരിഗണിക്കാം. കേസ് അടുത്ത ആഴ്ച പരിഗണിക്കുമ്പോൾ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി കക്ഷികളോട് ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം. സമവായ ​നിർദേശം ഉന്നതകോടതിയുടെ ഏറ്റവും നല്ല തീരുമാനമാണ്​. 


കോടതിയുടെ നിർദേശം സ്വാഗതാർഹമെന്ന്​ ബി.ജെ.പി നേതാവ്​ ഉമ ഭാരതിയും പറഞ്ഞു. ചർച്ചകളിലൂടെ പ്രശ്​​നത്തിന്​ പരിഹാരം കണ്ടെത്തണമെന്നു തന്നെയാണ്​ ബി.​​ജെ.പിയും ആഗ്രഹിക്കുന്നതെന്ന്​ മുതിർന്ന ബി.ജെ.പി നേതാവും നിയമ വകുപ്പ്​ സഹമന്ത്രിയുമായ പി.പി ചൗധരി അഭിപ്രായ​പ്പെട്ടു.  ആർ.എസ്​.എസും വി.എച്ച്​.പിയും കോടതിയുടെ നിർദേശത്തെ സ്വഗതം ചെയ്​തു.  


എന്നാൽ, ബാബരി മസ്​ജിദ്​ ആക്​ഷൻ കമ്മിറ്റിയും സുന്നി വഖഫ്​ ബോർഡും തീരുമാനത്തെ എതിർത്തു. കോടതി തന്നെ ഇതിനൊരു തീരുമാനമുണ്ടാക്കണമെന്ന്​ ബാബരി മസ്​ജിദ്​ ആക്​ഷൻ കമ്മിറ്റി കൺവീനർ സഫര്യാബ്​ ജിലാനി പറഞ്ഞു. 


പരസ്​പരം ചർച്ച ചെയ്​ത്​ പരാജയ​പ്പെട്ട കാര്യമാണിതെന്നും പ്രശ്​നത്തിന്​ നിയമപരമായ പരിഹാരം കാണുന്നതിനാണ്​ കോടതിയെ സമീപിച്ചതെന്നും ബാബരി മസ്​ജിദ്​ ആക്​ഷൻ കമ്മിറ്റി ജോയിൻറ്​ കൺവീനർ ഡോ.എസ്​.ക്യു.ആർ ഇല്യാസ്​ അഭിപ്രായപ്പെട്ടു.