ന്യൂദൽഹി: ബിക്കാനീറിലെ അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വധെരയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വധെരയുടെ ബിക്കാനീറിലെ ഭൂമിയിടപാടുമായി സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് രാജസ്ഥാൻ സർക്കാർ സിബിഐയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.


ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് വധെരയ്ക്ക് മേൽ സിബിഐ കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.  സ്വകാര്യ കമ്പനിക്ക് വേണ്ടി അനധികൃതമായി ഭൂമി വാങ്ങുകയും തുടർന്ന് കൊള്ളലാഭമുണ്ടാക്കുന്ന തരത്തിൽ കൈമാറ്റം ചെയ്തുവെന്നാണ് കേസ്. ഇത്തരത്തിൽ 18ഓളം അനധികൃത ഭൂമിയിടപാട് വധെര നടത്തിയതായി തെളിഞ്ഞിരുന്നു.  വധെരയ്ക്ക് പുറമെ ബിക്കാനീറിലെ ചില കോൺഗ്രസ് നേതാക്കളെയും സിബിഐ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. വധെരയ്ക്ക് സഹായമായി ഇവർ പ്രവർത്തിച്ചെന്ന സംശയത്തിനെ തുടർന്നാണ് ഇവരെ ചോദ്യം ചെയ്യുന്നത്. പ്രിയങ്ക ഗാന്ധി കോൺഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് വധെരയ്ക്കെതിരെ നടപടി വന്നത്.