ന്യൂഡല്‍ഹി: പിണറായി സര്‍ക്കാരിനെ പിരിച്ചു വിട്ട് കേരളത്തില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ ബിജെപി എംപിമാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി എംപി നിഷികാന്ത് ദുബെ ആണ് കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം സഭയില്‍ ഉന്നയിച്ചത്. കേരളത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുകയാണ്. രാജ്യസഭാ എംപിയായ വി മുരളിധരന്‍റെ വീടിനു നേരെ ബോംബേറുണ്ടായി. അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. സിപിഎം അക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ബിജെപിയെയും ആര്‍എസ്എസ്സിനെയും സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. വീടുകള്‍ക്കനേരെ അക്രമം നടക്കുന്നു, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമം നടക്കുന്നു. സംഘപരിവാര്‍ ബിജെപി അംഗങ്ങള്‍ക്കെതിരേയും അക്രമം നടക്കുന്നു. കാലങ്ങളായി അക്രമം നടക്കുകയാണെന്നും ഇതിനായി കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നും എംപി ആവശ്യപ്പെട്ടു. മാത്രമല്ല കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു.


നേരത്തെ സമാനമായ ആവശ്യം ബി.ജെ.പിയുടെ രാജ്യസഭ എം.പി രാകേഷ് സിന്‍ഹയും മുന്നോട്ടുവച്ചിരുന്നു.


ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് സംഘപരിവാര്‍ സംസ്ഥാനത്തുടനീളം സംഘര്‍ഷം അഴിച്ചുവിട്ടത്. കൂടാതെ ജനുവരി രണ്ടിന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയിരുന്നു. ഈ സംഭവം സംസ്ഥാനത്തെ കൂടുതല്‍ കലുഷിതമാക്കി.


ഇതിന് പിന്നാലെ ജനുവരി 3ന് ബിജെപിയുടെ പിന്തുണയോടെ നടന്ന ഹര്‍ത്താലില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പൊലീസിനേയും മാധ്യമങ്ങളേയും ഹര്‍ത്താലിന്‍റെ മറവില്‍ ആക്രമിക്കുകയും ചെയ്തിരുന്നു.


എന്നാല്‍ ഈ വസ്തുതകളെയെല്ലാം മറച്ചുവെച്ചാണ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യം ബി.ജെ.പി ഉന്നയിക്കുന്നത്.


അതേസമയം, ഇടതുപക്ഷ എംപിമാര്‍ ബിജെപിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നിരിയ്ക്കുകയാണ്.