ലോക് സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയില്‍ താരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകടന പത്രികയുടെ പുറം ചട്ടയിലും ഉള്ളടക്കത്തിലുമെല്ലാം നരേന്ദ്ര മോദി നിറഞ്ഞു നില്‍ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'നരേന്ദ്ര' എന്ന വാക്ക് 22 തവണയും 'മോദി' എന്ന വാക്ക് 26 തവണയുമാണ് പ്രകടന പത്രികയില്‍ ആവര്‍ത്തിക്കുന്നത്. സുപ്രധാന വാക്കുകളെക്കാള്‍ പ്രാധാന്യമാണ് മോദിയ്ക്ക് പ്രകടന  പത്രികയില്‍ നല്‍കിയിരിക്കുന്നത്. 


പൗരന്‍ 17 തവണയും, പാവപ്പെട്ടവന്‍ 14 തവണയും, ആരോഗ്യം 22 തവണയും, വികസനം14 തവണയും, സൈന്യ൦ 14 തവണയും, അഴിമതി എന്ന വാക്ക് 11 പ്രാവശ്യവും ആവര്‍ത്തിക്കുന്നതാണ് പ്രകടന പത്രിക. 


2014ല്‍ 13 പ്രാവശ്യം ആവര്‍ത്തിച്ച 'തൊഴില്‍' എന്ന വാക്ക് ഇത്തവണ രണ്ടു പ്രാവശ്യം മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. കൂടാതെ, നോട്ട് നിരോധനത്തെപ്പറ്റി പ്രതിപാദിക്കുന്നത് ഒരു തവണ മാത്രമാണ്. 


2014ലെ പ്രധാന ആകര്‍ഷണമായ 'പശു' ഇത്തവണത്തെ പ്രകടന പത്രികയില്‍ നിന്നും അപ്രത്യക്ഷമായി. അഴിമതിയെക്കുറിച്ച്‌ 2014ല്‍ നല്‍കിയ മൂന്ന് പ്രധാന വാഗ്ദാനങ്ങളും 2019ല്‍ കാണാനില്ല. പ്രകടന പത്രികയുടെ പുറംചട്ടയിലും മാറ്റങ്ങള്‍ ദൃശ്യമാണ്. 


2014ല്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ വാജ്‌പേയി, എല്‍.കെ അദ്വാനി, രാജ്‌നാഥ് സി൦ഗ്, മുരളി മനോഹര്‍ ജോഷി തുടങ്ങി 10 പേര്‍ പുറംചട്ടയില്‍ ഇടം പിടിച്ചു. അഞ്ചു വര്‍ഷം പിന്നിട്ട് രാജ്യം മറ്റൊരു തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുമ്പോള്‍ ആ സ്ഥാനത്ത് മോദി മാത്രം.