കൊല്‍ക്കത്ത: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ പശ്ചിമബംഗാളിൽ നടത്താനിരുന്ന 'രഥയാത്ര'യ്ക്ക് കൽക്കത്ത ഹൈക്കോടതിയുടെ അനുമതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പശ്ചിമബംഗാളിൽ ബി.ജെ.പി.യുടെ മൂന്ന് "യാത്രകൾ" നടത്താനുള്ള അനുമതിയാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. കൂടാതെ, ക്രമസമാധനനില തകര്‍ക്കപ്പെടുന്നില്ല എന്നുറപ്പ് വരുത്തേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവദിത്വമാണെന്നും ഹൈക്കോടതി പറഞ്ഞു. 


റാലി നടത്തുന്നതിന് നല്‍കിയ അപേക്ഷയില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും പ്രതികരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഘടകം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. 


ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിജെപി കോടതിയെ സമീപിച്ചത്. അമിത് ഷാ നയിക്കുന്ന രഥയാത്രയ്ക്ക് പശ്ചിമ ബംഗാളിലെ കൂച്ച്ബഹാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 
രഥ യാത്ര നടന്നാല്‍ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത കോടതിയെ അറിയിച്ചിരുന്നു. 


സമാധാനപരമായി രഥ യാത്ര നടത്താമെന്ന ബിജെപിയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല. അതേസമയം, രഥയാത്രയില്‍ സംഘര്‍ഷം ഉണ്ടായാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന് കോടതി ചോദിച്ചിരുന്നു. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നായിരുന്നു ബിജെപിക്കായി ഹാജരായ അനിന്ദ്യ മിത്രയുടെ മറുപടി. 


മൂന്നു ഘട്ടങ്ങളിലായി ഡിസംബറിലായിരുന്നു രഥയാത്ര നടത്താന്‍ നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്തെ 42 ലോക്‌സഭ മണ്ഡലങ്ങളിലൂടെയും കടന്നുപോകുംവിധമായിരുന്നു രഥയാത്ര പ്ലാന്‍ ചെയ്തിരുന്നത്. രഥയാത്രയുടെ അവസാനം കോല്‍ക്കത്തയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. 
 
ബിജെപിയുടെ കുതിപ്പ് ഭയന്നാണ് മമത ബാനെര്‍ജി റാലിക്ക് അനുമതി നിഷേധിച്ചതെന്ന് അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കുകയാണ് അവര്‍. എന്നാല്‍ ഇതുകൊണ്ടൊന്നും ബിജെപിയെ തടയാന്‍ ആര്‍ക്കുമാവില്ല. തന്‍റെ നേതൃത്വത്തില്‍ പിന്നീട് രഥയാത്ര നടത്തിയിരിക്കും. ആര് വിചാരിച്ചാലും ഞങ്ങളെ തടയാനാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സീറ്റ് നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി രഥയാത്ര ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.  


ബിജെപി അധികാരത്തിലെത്താത്ത ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നായ ബംഗാളില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പാണ് പാര്‍ട്ടി നടത്തുന്നത്. ആകെയുള്ള 42 സീറ്റുകളില്‍ പകുതി സീറ്റെങ്കിലും നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. നിലവില്‍ ബിജെപിക്ക് രണ്ട് ലോക്‌സഭാ സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്.