ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രം. മൗലികാവകാശം എന്നത് പൂർണമായ ഒന്നല്ലെന്നും അത് നിബന്ധനകൾക്ക് വിധേയമാണെന്നും കേന്ദ്രത്തെ പ്രതിനിധീകരിച്ച് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. മൗലികാവകാശത്തിന് പരിധികളുണ്ട്. അത് ഓരോ കേസ് അനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം സുപ്രീംകോടതി വിധി ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആധാർ കാർഡിൻ്റെ സൗകര്യങ്ങളും കാര്യക്ഷമതയും ഈ ചെറിയ കാലയളവിൽ ബോധ്യപ്പെട്ടതാണെന്നും ആധാർ സുരക്ഷിതമാണെന്നും മന്ത്രി ആവർത്തിച്ചു. 


ആധാറുമായി ബന്ധപ്പെട്ട ബിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ പരാമർശിച്ചിരുന്ന കാര്യങ്ങൾ വിപുലമായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നതാണ് സുപ്രീംകോടതി വിധിയെന്ന് അദ്ദേഹം  പറഞ്ഞു. 


യു.പി.എ സർക്കാർ ആധാർ നടപ്പാക്കാൻ ശ്രമിച്ചത് മതിയായ നിയമനിർമാണം നടത്താതെയാണ്. സ്വകാര്യതയുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കു പോലും യു.പി.എ സർക്കാർ വേദിയൊരുക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. 


ഒരു രൂപ സർക്കാർ ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി നൽകിയാൽ അതിൽ 15 പൈസ മാത്രമാണ് ജനങ്ങളിലേക്ക് എത്തുകയെന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാൽ മോദി സർക്കാർ 1000 രൂപ ജനക്ഷേമത്തിനായി നൽകുന്നുണ്ടെങ്കിൽ അത് മുഴുവനായും ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്നും രവി ശങ്കർ പ്രസാദ് പറഞ്ഞു.